തലയ്ക്കും കഴുത്തിനും വെട്ടേറ്റത് കൂടാതെ അടിയേറ്റ് വാരിയെല്ല് പൊട്ടി. എണീക്കാനാകെ ഒരു മാസമായി ഷാജഹാന്‍ കിടപ്പിലാണ്. ഗുണ്ടാസംഘം ഷാജഹാന്‍റെ കൈവശമുണ്ടായിരുന്ന 14,200 രൂപയും മോഷ്ടിച്ചു
കൊല്ലം: കൊല്ലത്ത് ലോട്ടറി കച്ചവടക്കാരനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച് ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാതെ പൊലീസ്. പരിക്കേറ്റ ഷാജഹാൻ ചികിത്സയ്ക്ക് പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. പ്രതികളെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് ചാത്തന്നൂര്‍ പൊലീസിന്‍റെ മറുപടി.
കഴിഞ്ഞ മാസം പന്ത്രണ്ടിന് രാത്രിയിലാണ് സംഭവം. നെടുമ്പന വഞ്ചി മുക്കിന് സമീപം പുതുതായി ആരംഭിക്കുന്ന ലോട്ടറി കടയുടെ പോസ്റ്റര്‍ പതിക്കുകയായിരുന്നു ഷാജഹാനും കൂട്ടുകാരും. അവിടെയെത്തിയ അഞ്ചംഗ സംഘം പോസ്റ്ററൊട്ടിക്കുന്നത് വിലക്കി.
തുടര്‍ന്ന് സുഹൃത്തുക്കളെ വിരട്ടിയോടിച്ച ശേഷം ഷാജഹാനെ മര്‍ദിക്കുകയായിരുന്നു. തലയ്ക്കും കഴുത്തിനും വെട്ടേറ്റത് കൂടാതെ അടിയേറ്റ് വാരിയെല്ല് പൊട്ടി. എണീക്കാനാകെ ഒരു മാസമായി ഷാജഹാന്‍ കിടപ്പിലാണ്. ഗുണ്ടാസംഘം ഷാജഹാന്‍റെ കൈവശമുണ്ടായിരുന്ന 14,200 രൂപയും മോഷ്ടിച്ചു.
ബൈക്കിലെത്തിവരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഷാജഹാൻ പറയുന്നു. രണ്ട് പേര്‍ ഹെല്‍മ്മറ്റ് വച്ചിരുന്നെന്നും ഓര്‍മ്മയുണ്ട്. മര്‍ദ്ദനമേറ്റ് വഴിയില്‍ കിടന്ന ഷാജഹാനെ ഒരു ഓട്ടോഡ്രൈവര്‍ കൊല്ലത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മര്‍ദ്ദനമേറ്റതിന്‍റെ പിറ്റേദിവസം ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. ഫലമില്ലെന്ന് കണ്ടപ്പോള്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കി. ഇതുവരെയും കേസില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും ഷാജഹാന്‍ പറഞ്ഞു.
