Asianet News MalayalamAsianet News Malayalam

സർക്കാർ ചെലവിലെ ചൈനായാത്ര; ധനകാര്യപരിശോധന വിഭാഗത്തിന്‍റെ റിപ്പോർട്ടിൽ ഒന്നരമാസമായിട്ടും നടപടിയില്ല

നിലവാരം കുറഞ്ഞ സാധനങ്ങള്‍ വാങ്ങിയതിനും അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതിനും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് ധനവകുപ്പ് നടപടിക്ക് ശുപാർശ ചെയ്തത്

no action on report of chinese travel by two deputy electrical inspectors without a government permit
Author
Thiruvananthapuram, First Published Feb 23, 2019, 6:45 AM IST

തിരുവനന്തപുരം: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ കോടികളുടെ ക്രമക്കേട് നടന്നുവെന്ന ധനകാര്യപരിശോധന വിഭാഗത്തിന്‍റെ റിപ്പോർട്ടിൽ ഒന്നരമാസം കഴി‍ഞ്ഞിട്ടും നടപടിയില്ല. നിലവാരം കുറഞ്ഞ സാധനങ്ങള്‍ വാങ്ങിയതിനും അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതിനും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് ധനവകുപ്പ് നടപടിക്ക് ശുപാർശ ചെയ്തത്. ഫയൽ ഇതുവരെ കണ്ടില്ലെന്നാണ് വൈദ്യുതി മന്ത്രി എം എം മണി പറയുന്നത്.

സർക്കാർ അനുമതിയില്ലാതെ രണ്ട് ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാർ നടത്തിയ ചൈനീസ് യാത്ര , പിന്നീട് ഔദ്യോഗിക യാത്രയാക്കി മാറ്റുകയായിരുന്നു.. ഇതിന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി സി അനിൽകുമാർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. ഗുണനിലവാരമില്ലാത്ത ചൈനീസ് ഉൽപ്പന്നങ്ങള്‍ വാങ്ങി ഇടനിലക്കാരന് ലാഭമുണ്ടാക്കി, പരസ്യ ചിത്രമെടുക്കുന്നതിന്‍റെ മറവിൽ സർക്കാർ പണം ധൂർത്തടിച്ചു തുടങ്ങിയ ഗുരുതര കണ്ടെത്തലുകളാണ് ധനപരിശോധന വിഭാഗത്തിൻറെ റിപ്പോർട്ടിലുള്ളത്.

ആകെ രണ്ടു കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അനിൽകുമാർ, ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാരായ ജയരാജൻ, ശ്യാം മുരാരി എന്നിവര്‍ക്കെതിരെയാണ് ധനവകുപ്പ് നടപടിക്ക് ശുപാർശ ചെയ്തത്. ഉദ്യോഗസ്ഥരിൽ നിന്നും പലിശ സഹിതം സർക്കാരിന് നഷ്ടമായ പണം ഈടാക്കുകയും, ഔദ്യോഗിക സ്ഥാനത്ത് നിന്ന് മാറ്റിനിർത്തി അന്വേഷണം വേണമെന്നായിരുന്നു ശുപാ‍ർശ. കഴി‍ഞ്ഞ മാസം മൂന്നിന് നടപടിക്കായി ഊർജ്ജവകുപ്പിന് റിപ്പോർട്ട് കൈമാറിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. റിപ്പോർട്ട് ഇതുവരെ കണ്ടിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്.

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനെതിരായ അന്വേഷണം തുടങ്ങിയപ്പോൾ തന്നെ അത് അട്ടിമറിക്കാൻ ശ്രമം നടന്നിരുന്നതായി ആരോപണം ഉയർന്നിരുന്നു. ധനപരിശോധന വിഭാഗത്തിലെ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കാൻ ശ്രമനക്കുന്നവെന്നായിരുന്നു വിമർശനം. ഇത് ശരിവയ്ക്കുന്നതാണ് ഒന്നരമാസം കഴി‍ഞ്ഞിട്ടും നടപടിയൊന്നും ഉണ്ടാകാത്തത്. ക്രമക്കേട് കണിച്ചവരോട് പേരിന് വിശദീകരണം ചോദിച്ച് നടപടികള്‍ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായാണ് വിവരം.

Follow Us:
Download App:
  • android
  • ios