ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച കുഞ്ഞുങ്ങളോട് പിന്നെയും അധികൃതരുടെ ക്രൂരത. പശുക്കള്‍ക്ക് 24 മണിക്കൂറും ആംബുലന്‍സുള്ള ഉത്തര്‍പ്രദേശില്‍ കുട്ടികളുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് നിഷേധിച്ചു. ഞായറാഴ്ച ആയതിനാല്‍ ഇന്ന് ആംബുലന്‍സ് സര്‍വ്വീസ് ഇല്ലെന്നാണ് കുട്ടികള്‍ നഷ്ടപ്പെട്ട രക്ഷിതാക്കളോട് ആശുപത്രി അധികൃതര്‍ പറഞ്ഞത്.

ഗോരഖ്പൂര്‍ ദുരന്തത്തില്‍ മൂന്ന് കുട്ടികളാണ് ഇന്ന് മരിച്ചത്. ഇതോടെ ആകെ മരണം 66 ആയി. ഒരു കുട്ടിയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുപോകാന്‍ കഴിയാതെ ആശുപത്രി വരാന്തയില്‍ ദീര്‍ഘനേരമായി കിടത്തിയിരിക്കുന്നതായും അവിടെ നിന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയില്‍ ആംബുലന്‍സ് ഉണ്ടെങ്കിലും ഇന്ന് ഞായറാഴ്ച ആയതിനാല്‍ അതിന്റെ സേവനം ലഭ്യമല്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് ബൈക്കിലും ഓട്ടോറിക്ഷയിലുമാണ് കുട്ടികളുടെ രക്ഷിതാക്കള്‍ പിഞ്ചേമനകളുടെ മുതദേഹം കൊണ്ട് വീട്ടിലേക്ക് പോയത്. ഹൃദയഭേദകമായ രംഗങ്ങള്‍ ആശുപത്രിക്ക് മുന്നില്‍ സംഭവിക്കുമ്പോഴും കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് യാതൊരു സഹായവും ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ നല്‍കുന്നില്ല.

ഓക്സിജന്‍ കിട്ടാതെയല്ല കുട്ടികള്‍ മരിച്ചതെന്ന സര്‍ക്കാര്‍ വിശദീകരണത്തിനെതിരെയും കുട്ടികളുടെ മാതാപിതാക്കള്‍ രംഗത്തെത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് തവണ ആശുപത്രിയില്‍ ദീര്‍ഘനേരം ഓക്സിജന്‍ മുടങ്ങിയെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.