ജയലളിതയുടെ രക്തസാമ്പിളുകള്‍ കൈവശമില്ലെന്ന് അപ്പോളോ ആശുപത്രി

ചെന്നൈ: ജയലളിതയുടെ രക്തസാമ്പിളുകള്‍ കൈവശമില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതർ ഹൈക്കോടതിയെ അറിയിച്ചു. ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ബംഗളുരു സ്വദേശിനി അമൃത സമ‍ർപ്പിച്ച ഹർജിയിലാണ് അപ്പോളോ ആശുപത്രിയുടെ വിശദീകരണം. തന്‍റെ ഡി എൻ എ പരിശോധന നടത്തണമെന്ന് അമൃത ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

ഇതിനായി രക്തസാമ്പിളുകള്‍ നല്‍കാൻ സാധിക്കുമോ എന്ന് ഹൈക്കോടതി അപ്പോളോ ആശുപത്രിയോട് ചോദിച്ചിരുന്നു. മരിക്കുന്നതിനു മുൻപ് ജയലളിത 76 ദിവസം ചികിൽസയിൽ കഴിഞ്ഞത് അപ്പോളോയിലാണ്. അമൃതയുടെ ഹർജി ഇനി ജൂൺ 24ന് പരിഗണിക്കും. 

നേരത്തെ ജയലളിതയുടെ ചികില്‍സാ സമയത്ത് ഹോസ്പിറ്റലിലെ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തിരുന്നുവെന്നും 24 പേരെ ചികില്‍സ്ക്കാന്‍ സാധിക്കുന്ന ഐസിയുവിലെ ജയലളിതയ്ക്കായി ഒഴിപ്പിക്കുകയായിരുന്നുവെന്നും ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോക്ടര്‍ പ്രതാപ് റെഡ്ഢി വെളിപ്പെടുത്തിയിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു.