ദില്ലി: നോട്ട് അസാധുവാക്കലില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട സമയം അവസാനിച്ചിട്ടും അമ്പത് ശതമാനം എടിഎമ്മുകളും കാലിയാണ്.ആവശ്യത്തിന് പണമെത്തിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറയുന്നുണ്ടെങ്കിലും ശമ്പള ദിവസങ്ങളില്‍ സ്ഥിതി വഷളാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

ദില്ലിയിലും ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം അടച്ചിട്ട പല എടിഎമ്മുകളും ഇപ്പോഴും അടഞ്ഞ് തന്നെ കിടക്കുകയാണ്.പണമുള്ള എടിഎമ്മുകള്‍ക്ക് മുന്നില്‍ ഇപ്പോള്‍ വലിയ നിരയില്ല.ഇപ്പോള്‍ പണം കിട്ടുന്നുണ്ടെങ്കിലും ശമ്പള ദിവസം എടിഎമ്മുകള്‍ ഇതുപോലെ അടഞ്ഞ് കിടന്നാല്‍ പ്രതിസന്ധിയുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

ബാങ്കുകളില്‍ പണമെത്തിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന നിര്‍ദ്ദേശത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്.ആവശ്യത്തിന് പണം ബാങ്കുകളില്‍ ഇതുവരെ എത്തിയിട്ടില്ലെന്ന് തന്നെയാണ് സൂചന.നോട്ട് അച്ചടി പ്രസ്സുകളില്‍ കരസേനയെ അടക്കം നിയോഗിച്ചാണ് അച്ചടി പുരോഗമിക്കുന്നത്.