എം.ബി രാജേഷ് എം.പിക്ക് അയച്ച കത്തില്‍ കഞ്ചിക്കോട്ട് കോച്ച് ഫാക്ടറിയ്‌ക്ക് നിലവില്‍  സാധ്യതയില്ലെന്ന സൂചന മന്ത്രി പിയൂഷ് ഗോയല്‍ നല്കിയിരുന്നു.

ദില്ലി: കഞ്ചിക്കോട്ട് റെയില്‍കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ കേന്ദ്രം വീണ്ടും ഉരുണ്ടു കളിക്കുന്നു. പദ്ധതി നിലവില്‍ ഉപേക്ഷിട്ടില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് മെല്ലേപ്പോക്ക് നയമാണെന്നും കേന്ദ്രം വിമര്‍ശിച്ചു

എം.ബി രാജേഷ് എം.പിക്ക് അയച്ച കത്തില്‍ കഞ്ചിക്കോട്ട് കോച്ച് ഫാക്ടറിയ്‌ക്ക് നിലവില്‍ സാധ്യതയില്ലെന്ന സൂചന മന്ത്രി പിയൂഷ് ഗോയല്‍ നല്കിയിരുന്നു. ഇപ്പോഴുള്ള കോച്ച് ഫാക്ടറികളിലെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് റെയില്‍വേക്ക് ആവശ്യമായ കോച്ചുകള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയത്. പദ്ധതി ഉപേക്ഷിക്കുന്നു എന്ന വ്യഖ്യാനങ്ങള്‍ക്ക് ഇത് ഇടയാക്കിയതോടെ റെയില്‍വേ മന്ത്രി ഇന്ന് വിശദീകരണവുമായി രംഗത്തു വന്നു. ഫാക്ടറി വേണ്ടെന്ന് വെച്ചെന്ന് പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ കേരളത്തിന് നിഷേധാത്മക നിലപാടാണെന്നും മന്ത്രി ആരോപിച്ചു.

ഇതിനിടെ കഞ്ചിക്കോട് ഫാക്ടറിയുടെ തല്‍സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെട്ടതായി റെയില്‍വെ കണ്‍വെന്‍ഷന്‍ കമ്മിറ്റി അംഗം കെ.സി വേണുഗോപാല്‍ അറിയിച്ചു. 2008 ലെ ബജറ്റിലാണ് കോച്ച് ഫാക്ടറി അനവദിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. സ്ഥലം കണ്ടെത്തി നല്കിയിട്ടും ഫാക്ടറി യാഥാര്‍‍ത്ഥ്യമായില്ല.ഉപേക്ഷിച്ചിട്ടില്ല എന്ന് പറയുമ്പോഴും അന്തിമ തീരുമാനമായില്ല എന്ന മന്ത്രിയുടെ വാക്കുകള്‍ പദ്ധതി വരാനുള്ള സാധ്യത വിരളമാണെന്ന് സൂചനയാണ് നല്‍കുന്നത്.