പാലക്കാട് അത്ഭുതം, സിപിഎം പിന്തുണച്ചിട്ടും ബിജെപിക്കെതിരായ അവിശ്വാസം പാസായില്ല
പാലക്കാട്: അത്ഭുതകരമായ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പാലക്കാട് നഗരസഭ. ആരോഗ്യ സ്റ്റാന്‍റിങ് കമ്മറ്റി അധ്യക്ഷനെതിരായി കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ സിപിഎം പന്തുണച്ചിട്ടും പാസായില്ല. കോൺഗ്രസ് പ്രമേയത്തെ സിപിഎം പിന്തുണച്ചെങ്കിലും പാസായില്ല. ഒരു സിപിഎം അംഗത്തിന്‍റെ വോട്ട് അസാധുവായി.
സിപിഎം പിന്തുണച്ചാല്‍ പ്രമേയം വിജയിക്കുമെന്നിരിക്കെ അവിശ്വാസം തോറ്റതിന്‍റെ ഞെട്ടലിലാണ് കോണ്‍ഗ്രസും സിപിഎമ്മും. അതേസമയം കൈവിട്ടേക്കുമെന്ന് കരുതിയ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം അത്ഭുതകരമായി തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ബിജെപി. ദൈവം കൂടെയുണ്ട് എന്നായിരുന്നു ബിജെപി കൗണ്‍സിലര്‍മാരുടെ ആദ്യ പ്രതികരണം.
സിപിഎമ്മിന്‍റെ സ്വതന്ത്ര അംഗമായ സാജിദ ഫഹീമിന്‍റ വോട്ടാണ് അസാധുവായത്. അവിശ്വാസ പ്രമേയത്തില്‍ താല്‍പര്യമില്ലാത്തതിനാലാണ് വോട്ട് അസാധുവാക്കിയതെന്നാണ് ബിജെപി ആരോപണം. എന്നാല്‍ പുതിയ അംഗമായതിനാലുള്ള പരിജയക്കുറവാണ് അബദ്ധത്തിന് കാരണമെന്ന നിലപാടിലാണ് സിപിഎം. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയിലെ ബാക്കിയുള്ള മൂന്ന് സ്റ്റാന്‍റിങ് കമ്മിറ്റി അധ്യക്ഷൻമാര്‍ക്കെതിരെ കോൺഗ്രസ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിനെ സിപിഎം പിന്തുണയ്ക്കും.
52 അംഗ ഭരണ സമിതിയില്‍ ബിജെപിക്ക് 24, യുഡിഎഫിന് 18, എല്‍ഡിഎഫിന് 9 , വെല്‍ഫയര്‍ പാര്‍ട്ടിക്ക് ഒന്ന് എന്നിങ്ങനെയാണ് പാലക്കാട് നഗരസഭയിലെ കക്ഷിനില. ഇനിയുള്ള പ്രമേയങ്ങളില്‍ എല്‍ഡിഎഫിന്‍റെ പിന്തുണ ലഭിച്ചാല്‍ വികസന, ക്ഷേമ കാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങള്‍ ബിജെിപിക്ക് നഷ്ടമാകും.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കെതിരെയാണ് ആദ്യഘട്ടത്തിൽ യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം. ഒറ്റക്ക് അവിശ്വാസം വിജയിപ്പിക്കാനുള്ള അംഗബലം ഈ സമിതികളിലൊന്നും യുഡിഎഫിനുണ്ടായിരുന്നില്ല. എന്നാല്‍ അവിശ്വാസം വിജയിച്ചാല്‍ ഭാവിയില്‍ സിപിഎം- കോണ്‍ഗ്രസ് ഭരണകാര്യത്തില്‍ ഇരു പാര്‍ട്ടികളും തീരുമാനമെടുത്തിട്ടില്ല.
