കോട്ടയം: വിവാദ പ്രസ്താവനകളില്‍ സി.കെ പത്മനാഭനും എ.എന്‍ രാധാകൃഷ്ണനുമെതിരെ ബി.ജെ.പി നടപടിയില്ല. വിവാദം അവസാനിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു. ഇപ്പോള്‍ കോട്ടയത്ത് തുടരുന്ന സംസ്ഥാന സമിതിയിലും വിവാദത്തെ ചൊല്ലി കൂടുതല്‍ ചര്‍ച്ച വേണ്ടെന്ന ധാരണയിലാണ് നേതാക്കള്‍.
എ.എന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയും അതിന് സി.കെ.പത്മനാഭന്‍ നല്‍കിയ പരസ്യ മറുപടിയെയും ചൊല്ലി നേതൃ യോഗം, കോര്‍ കമ്മിറ്റി , സംസ്ഥാന ഭാരവാഹി യോഗം എന്നിവയില്‍ നേതാക്കള്‍ ചേരി തിരിഞ്ഞു. ഇരു നേതാക്കളുടെയും പക്ഷം പിടിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. അതേസമയം, ചര്‍ച്ചകള്‍ക്കാടുവില്‍ വിവാദം അടഞ്ഞ അധ്യായമെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ചു. ഏതെങ്കിലും നടപടികളിലൂടെ വിവാദം കൂടുതല്‍ കൊഴുപ്പിക്കാന്‍ നേതൃത്വം ഉദ്ദേശിക്കുന്നില്ലെന്നാണ് വിവരം.
ഇരു പ്രസ്താവനകളിലും ശരി തെറ്റുകളുണ്ടെന്ന മധ്യമാര്‍ഗത്തിലാണ് നേതൃത്വം. സി.കെ.പിയുടെ ചെഗുവേര പ്രസ്താവനയെ നേതൃയോഗങ്ങള്‍ തള്ളുമ്പോള്‍ തന്നെ പാര്‍ട്ടി തീരുമാനിക്കാത്ത വിവാദ വിഷയങ്ങള്‍ എടുത്ത എ.എന്‍ രാധാകൃഷ്ണനെ കൊള്ളുന്നുമില്ല. വിവാദ പ്രസ്താവനകളെക്കുറിച്ച് കുമ്മനം സംസ്ഥാന സമിതിയില്‍ പരാമര്‍ശിച്ചില്ല.ബി.ജെ.പി നിര്‍ണായക ശക്തിയായെന്ന് അവകാശപ്പെട്ട കുമ്മനം ഇരു മുന്നണികളും വിറളി പിടിച്ച് ബി.ജെ.പിയെ കല്ലെറിയുന്നുവെന്നും വിമര്‍ശിച്ചു.
സിപിഎം അക്രമം ജനം വച്ചു പൊറുപ്പിക്കില്ല. കേരളത്തില്‍ അക്രമം തുടര്‍ന്നാല്‍ കര്‍ണാടകത്തില്‍ സി.പി.എമ്മിന് തിരിച്ചടി നല്‍കുമെന്നാണ് കര്‍ണാടകത്തില്‍ നിന്നുള്ള എം.പി നളിന്‍ കുമാര്‍ കട്ടീലിന്റെ മുന്നറിയിപ്പ്. ദളിത് വിഷയം ബി.ജെ.പി ഉയര്‍ത്തുമ്പോള്‍ തന്നെ ദളിതര്‍ക്ക് പാര്‍ട്ടി പദവികളില്‍ പ്രാതിനിധ്യമില്ലെന്ന വിമര്‍ശനം ഭാരവാഹി യോഗത്തിലുണ്ടായി. പാര്‍ട്ടിയില്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന അഭിപ്രായവും ഉയര്‍ന്നു.
