മണ്ഡലകാല, മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ എരുമേലിയിൽ തീർത്ഥാടകർക്ക് കുടിവെള്ളം പോലുമില്ല. കുടിവെള്ളത്തിനായി ടാപുകൾ നിർമ്മിക്കുന്നതിന്‍റെ ജോലികളാണ് അവസാനമണിക്കൂറിൽ നടത്തുന്നത്.

പമ്പ: മണ്ഡലകാല, മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ എരുമേലിയിൽ തീർത്ഥാടകർക്ക് കുടിവെള്ളം പോലുമില്ല. കുടിവെള്ളത്തിനായി ടാപുകൾ നിർമ്മിക്കുന്നതിന്‍റെ ജോലികളാണ് അവസാനമണിക്കൂറിൽ നടത്തുന്നത്.

ശബരിമല മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായി അനുവദിച്ചതാണ് എരുമേലിയിലെ കുടിവെള്ളപദ്ധതി. ഒരു വ‍ർഷം മുൻപ് ടെൻണ്ടർ നടപടികൾ പൂർത്തിയായി. പണി ആരംഭിച്ചു. പിന്നീട് പണി ഇഴഞ്ഞാണ് നീങ്ങിയത്. ഈ വർ‍ഷത്തെ മണ്ഡലകാലം തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപാണ് ഇവിടെ മാർബിളിടുന്നത്. എന്നാൽ ഇപ്പോഴും കുടിവെള്ളമെത്തിക്കുന്നതിനുള്ള ടാങ്ക് സ്ഥാപിച്ചിട്ടില്ല. അതായത്, വാവർപള്ളിയിൽ നിന്നും പേട്ട തുള്ളി ധർ‍മ്മശാസ്താക്ഷേത്രത്തിലെത്തുന്ന ഭക്തർ കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുമെന്ന് ചുരുക്കം.

ക്ഷേത്രത്തിന് മുന്നിലെ കൽപ്പടവുകളിൽ ഓട് പാകുന്നതിനുള്ള ടെണ്ടറും നൽകിയിട്ട് ആറുമാസത്തിൽ കൂടുതലായി. കൃത്യമായി പണി പൂർത്തിയാക്കാൻ സർക്കാരോ ദേവസ്വം ബോർഡോ മുൻകൈ എടുത്തില്ല. ഫലത്തിൽ എരുമേലിയിൽ അസൗകര്യങ്ങളുടെ നടുവിലേക്കാണ് ഭക്തർ എത്തുന്നത്.