പത്തുവര്‍ഷം മുന്‍പ് വൈദ്യുത പോസ്റ്റുകള്‍ സ്ഥാപിച്ചു ഇതുവരെ വൈദ്യുതി എത്തിയിട്ടില്ല

ലഖ്നൗ:ഉത്തര്‍പ്രദേശിലെ കരേലാ ഗ്രാമത്തില്‍ ഇന്നും വൈദ്യുതിയില്ല. പത്തുവര്‍ഷം മുന്‍പാണ് വൈദ്യുതി പോസ്റ്റുകള്‍ സ്ഥപിച്ചത് എന്നാല്‍ ഇതുവരെ കണക്ഷന്‍ ലഭിച്ചിട്ടില്ല. വൈദ്യുതി ഇല്ലെങ്കിലും ഗ്രാമവാസികള്‍ വൈദ്യുതി ബില്ല് അടിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. 40,000 രൂപമുതല്‍ 60,000 രൂപവരെ ബില്ലടക്കാന്‍ തങ്ങളെ അധികൃതര്‍ നിര്‍ബന്ധിക്കുന്നതായി ഗ്രാമവാസികള്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരവധി തവണ കൗണ്‍സില്‍ ഓഫീസില്‍ പോയെങ്കിലും എല്ലാം ശരിയാക്കാമെന്ന വാഗ്ദാനം മാത്രമാണ് ലഭിച്ചതെന്ന് ഗ്രാമവാസിയായ അദര്‍ സിംഗ് പറഞ്ഞതായും എഎന്‍ഐ റിപ്പോര്‍ട്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ബിജെപിയും എസ്പിയും ജനങ്ങളെ പറ്റിച്ചെന്നാണ് ബിഎസ്പിയുടെ മുന്‍ കൗണ്‍സിലര്‍ ഗിരീഷ് ചന്ദ്ര പറയുന്നത്. യോഗി ആദിത്യനാഥിന്‍റെ മന്ത്രിമാരിലൊരാളായ ഗുലാബ് ദേവി കരേലാ ഗ്രാമത്തില്‍ നിന്നാണെന്നും എന്നാല്‍ വൈദ്യുതി എത്തിക്കുന്നതിനായി ഇവര്‍ യാതൊന്നും ചെയിതില്ലെന്നും ഗിരീഷ് ചന്ദ്ര പറഞ്ഞു.