സമയപരിധി നീട്ടാനാകില്ലെന്ന് സുപ്രീംകോടതി ആധാറിൽ ചോർച്ച സാധ്യമല്ലെന്ന് അജയ് ഭൂഷൺ പലർക്കും അനാവശ്യ സംശയങ്ങളെന്ന് യുഐഡിഎ സബ്സിഡികൾക്കായി ആധാർ ബന്ധിപ്പിക്കണം സാമൂഹ്യ ക്ഷേമ പദ്ധതികൾക്കും ബാധകം മാർച്ച് 31നകം ബന്ധിപ്പിക്കണം
ദില്ലി: സബ്സിഡിക്കും ക്ഷേമപെൻഷനും ആധാർ ബന്ധിപ്പിക്കേണ്ട സമയപരിധി മാർച്ച് 31 തന്നെയെന്ന് സുപ്രീംകോടതി. തീയതി നീട്ടണമെന്ന ഹർജി തള്ളി. ആധാർ ഒരിക്കലും ചോർന്നിട്ടില്ലെന്ന് യുഐഡിഎ സിഇഒ.
സബ്സിഡികൾക്കും സര്‍ക്കാരിന്‍റെ സാമൂഹ്യ ക്ഷേമ പദ്ധതികളിൽ നിന്നുള്ള ആനുകൂല്യങ്ങൾ കിട്ടാനും ആധാര്‍ വിവരങ്ങൾ നൽകേണ്ട സമയപരിധി ഈ മാസം 31ൽ നിന്ന് നീട്ടാനാകില്ലെന്ന് സുപ്രീംകോടതി. കേസിൽ വാദം കേൾക്കൽ തുടരുന്ന സാഹചര്യത്തിൽ സമയപരിധി നീട്ടണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി നിരാകരിച്ചത്.
ആധാറിന്‍റെ സാങ്കേതിക വശങ്ങളെ കുറിച്ച് യു.ഐ.ഡി.എ സി.ഇ.ഒ അജയ് ഭൂഷണ്‍ പാണ്ഡേയുടെ പവര്‍ പോയിന്‍റ് പ്രസന്‍റേഷൻ ഇന്നും സുപ്രീംകോടതിയിൽ തുടര്‍ന്നു. ആര്‍ക്കും ചോര്‍ത്താനാകാത്ത വിധത്തിലാണ് ആധാര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം വാദിച്ചു. കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളിൽ ഒരിക്കൽ പോലും ആധാറിനായി ശേഖരിച്ച വിവരങ്ങൾ ചോര്‍ന്നിട്ടില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ മാത്രമെ അന്വേഷണ ഏജൻസികൾക്ക് ആധാര്‍ ബയോമെട്രിക് വിവരങ്ങൾ കൈമാറുകയുളളു.
എന്നാൽ ഇതുവരെ ദേശീയ അന്വേഷണ ഏജൻസിയിൽ നിന്ന് അത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ല. ആധാര്‍ നമ്പരുകളിലെ അവസാനത്തെ നാല് ഡിജിറ്റ് മാത്രമാണ് പല പരിശോധനകൾക്കായി നൽകുന്നത്. അത് ഒരിക്കലും ഡാറ്റകൾ ചോര്‍ന്നതുമൂലമല്ല. പലരുടെയും മനോഭാവത്തിലെ പ്രശ്നങ്ങളാണ് അനാവശ്യ സംശയങ്ങൾക്ക് കാരണമെന്നും യു.ഐ.ഡി.എ സി.ഇ.ഒ കോടതിയിൽ പറഞ്ഞു.
ഇതിനിടെ സാമൂഹ്യ ക്ഷേമ പദ്ധതികളിൽ നിന്നുള്ള ആനുകൂല്യം കിട്ടാനും സബ്സിഡികൾക്കുമായി ആധാര്‍ വിവരങ്ങൾ നൽകാനുള്ള സമയപരിധി മാര്‍ച്ച് 31 തന്നെയായിരിക്കുമെന്ന് കോടതി പറഞ്ഞു. സമയപരിധി നീട്ടണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ബാങ്ക് അക്കൗണ്ടുമായും മൊബൈൽ നമ്പരുമായും ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നേരത്തെ അനിശ്ചിതകാലത്തേക്ക് നീട്ടിയിരുന്നു. കേസിൽ വാദം കേൾക്കൽ ഇനി ചൊവ്വാഴ്ച തുടരും.
