ഇത്തവണ ആഘോഷങ്ങളില്ലാതെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. ആനകളുടെ എഴുന്നെള്ളിപ്പും കുടമാറ്റവും വെടിക്കെട്ടുമുണ്ടാവില്ല. തൃശൂരില്‍ ചേര്‍ന്ന തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ കര്‍ശന നിബന്ധനകളേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ മറ്റ് വഴികളില്ലെന്ന് ദേവസ്വം ഭാരവാഹികള് പറഞ്ഞു. ഫെസ്റ്റിവല്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സൂചകമായി ഇന്ന് തെക്കേ ഗോപുര നടയില്‍ ഏകദിന ഉപവാസം നടക്കും.

രാത്രികാല വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ ആനയെ എഴുന്നെള്ളിക്കുന്നത് തടഞ്ഞുകൊണ്ടുള്ള മുഖ്യ വനപാലകന്റെ നോട്ടീസ് ലഭിച്ചതോടെയാണ് തൃശൂര്‍ പൂരം നടത്തിപ്പുകാരായ തിരുവന്പാടി പാറമേക്കാവ് ദേവസ്വങ്ങള് കടുത്ത തീരുമാനം കൈക്കൊണ്ടത്. പൂരം ചടങ്ങ് മാത്രമായി നടത്തും.

ഒരാനയെ മാത്രം എഴുന്നെള്ളിച്ചുകൊണ്ടാവും ചടങ്ങ് പൂര്‍ത്തിയാക്കുക. വെടിക്കെട്ടും പതിനഞ്ചാനകളെ വീതം അണിനിരത്തിക്കൊണ്ടുള്ള കുടമാറ്റവും ഉണ്ടാവില്ല. ഇരു ദേവസ്വങ്ങളുടെയും വെടിക്കെട്ട് പുരയുടെ താക്കോല്‍ തഹസീല്‍ ദാരെ ഏല്‍പ്പിക്കാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനെയും ദേവസ്വങ്ങള്‍ രംഗത്തെത്തി.

ജില്ലാ കളക്ടറുടെയും മുഖ്യ വനപാലകന്റെയും നിലപാടിലുള്ള അതൃപ്തി ദേവസ്വങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. എങ്കിലും ഹൈക്കോടതി രാത്രികാല വെടിക്കെട്ടിന് ഇളവനുവദിക്കുകയും സര്‍ക്കാര്‍ ഇടപെടലിലൂടെ ആന എഴുന്നെള്ളിപ്പിനുള്ള തടസ്സം നീങ്ങുകയും ചെയ്താല്‍ പൂരം വിപുലമായി നടത്താന്‍ ദേവസ്വങ്ങള്‍ തയാറാകുമെന്നാണ് പ്രതീക്ഷ.