ഉദയംപേരൂരിലെ  ഐ.ഒ.സി പ്ലാന്റില്‍ ആംബുലന്‍സും മറ്റു സുരക്ഷാ സന്നാഹങ്ങളും ഒരുക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. എറണാകുളം ജില്ലാ കളക്ടറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്മെന്‍റ് തയ്യാറായി. എന്നാല്‍ ഇതിന് മൂന്നു മാസത്തെ സമയം  വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് തൊഴിലാളികള്‍ അറിയിച്ചു. പ്ലാന്റിന്റെ അടുത്ത പ്രവൃത്തി ദിവസം മുതല്‍
സുരക്ഷാ സന്നാഹങ്ങള്‍ വേണമെന്ന നിലപാടില്‍ തൊഴിലാളികള്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച വഴിമുട്ടി. സമരവുമായി മുന്നോട്ടു പോകാനാണ് തൊഴിലാളികളുടെ തീരുമാനം.

ദിവസങ്ങള്‍ക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ തൊഴിലാളിക്ക് സാരമായി പൊള്ളലേറ്റിരുന്നു. ഇയാളെ ആശുപത്രിയില്‍
എത്തിക്കാന്‍ ആംബുലന്‍സോ മറ്റ് വാഹനങ്ങളോ കിട്ടാത്ത അവസ്ഥയുണ്ടായി. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങിയത്. എ.ഐ.ടി.യു.സി ഒഴികെയുളള എല്ലാ തൊഴിലാളി സംഘടനകളും സമരത്തിലുണ്ട്. മധ്യകേരളത്തിലെ അഞ്ച് ജില്ലകളിലേക്ക് പാചകവാതകവിതരണം ചെയ്യുന്നത് ഐ.ഒ.സിയുടെ ഉദയംപേരൂരിലെ പ്ലാന്റില്‍ നിന്നാണ്. 150 മുതല്‍‍ 170 വരെ ലോഡ് പാചകവാതകമാണ് പ്ലാന്റില്‍ നിന്ന് ദിവസേന വിവിധ ജില്ലകളിലേക്ക് പോയിരുന്നത്.