മണ്ഡലമാസ തീർത്ഥാടനത്തിന് എട്ട് ദിവസം മാത്രം ശേഷിക്കെ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പമ്പയും  പ്രധാന ഇടത്താവളമായ നിലക്കലും. ആവശ്യത്തിന് ശൗചാലയങ്ങളും കുടിവെള്ള സൗകര്യവും  ഇതുവരെ രണ്ട് സ്ഥലത്തുമായില്ല.

പത്തനംതിട്ട: മണ്ഡലമാസ തീർത്ഥാടനത്തിന് എട്ട് ദിവസം മാത്രം ശേഷിക്കെ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പമ്പയും പ്രധാന ഇടത്താവളമായ നിലക്കലും. ആവശ്യത്തിന് ശൗചാലയങ്ങളും കുടിവെള്ള സൗകര്യവും രണ്ട് സ്ഥലത്തുമായില്ല. പമ്പാ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുകയാണ്.

നവംബര്‍ 16നാണ് മണ്ഡലമാസ തീർത്ഥാടനം ആരംഭിക്കുന്നത്. പ്രളയാനന്തരം തകർന്ന പമ്പയുടെ പുനരുദ്ധരണം പക്ഷെ ഇനിയും എങ്ങുമെത്തിയില്ല. 500 ൽ താഴെ ശൗചാലയങ്ങൾ മാത്രമാണ് പമ്പയിലെ ടോയ്‍ലെറ്റ് കോംപ്ലക്സ്ലിലുള്ളത്. 

താത്കാലികമായി നൂറോളം ശൗചലായങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. വിരിവെക്കാൻ പന്തലില്ല. അന്നദാനമണ്ഡപവും പ്രളയത്തിൽ തകരാതെ ശേഷിച്ച കെട്ടിടവും ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം പക്ഷെ ലക്ഷക്കണക്കിന് തീർഥാടകരെത്തുമ്പോൾ ഇതൊന്നും പര്യാപ്തമാകില്ല.

ചിത്തിര ആട്ടവിശേഷത്തിനായി 15000 തീർത്ഥാടകർ എത്തിയപ്പോഴും വെള്ളപ്രശ്നം ശൗചാലങ്ങളുടെ കുറവും നേരിട്ടിരുന്നു. നിലക്കൽ പ്രധാന ഇടത്താവളത്തിൽ ആയിരത്തോളം ശൗചാലയങ്ങളുണ്ട്.

എന്നാൽ വെള്ളമാണ് ഇവിടെയും പ്രതിസന്ധി. വിവാദങ്ങളുടെ പുറകെ പോയി ദേവസ്വം ബോ‍ർഡ് സമയം കളയാതെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് പന്തളം കൊട്ടാര നിർവ്വാഹക സംഘം വ്യക്തമാക്കുന്നു. 

പമ്പയിലെ സ്നാനഘട്ടം മണ്ണിനടയിൽ ആയതിനാൽ മണൽ ചാക്ക് നിരത്ത് താത്കാലിക സ്നാനഘട്ടം തയ്യാറാക്കുമെന്നറിയിച്ചിരുന്നെങ്കിലും അതും ഒന്നുമായില്ല. കൂനാർ ജലസംഭരണിയുടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കാത്തതിനാൽ സന്നിധാനത്തും ഇക്കുറി കുടിവെള്ള പ്രശ്നമുണ്ടാകുമെന്ന് ആശങ്ക ഉയരുന്നുണ്ട്.