ജാര്‍ഖണ്ഡ്: വനിതാ കോളേജ് ക്യാംപസില്‍ ജീന്‍സ് ധരിക്കുന്നതിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലും വിലക്ക്. ജാര്‍ഖണ്ഡിലെ നിലമ്പര്‍ പിതാംബര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള വനിതാ കോളേജായ യോധ് സിംഗ് നാംധരി കോളേജിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വിദ്യാര്‍ത്ഥികള്‍ ക്യാംപസിലെ ഫ്രീ വൈഫൈ ഉപയോഗിക്കുന്നതുകൊണ്ടാണ് മൊബൈല്‍ ഫോണിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ചില വിദ്യാര്‍ത്ഥികള്‍ പോണ്‍ വീഡിയോ കാണുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സമത്വം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ജീന്‍സ് നിരോധിച്ചതെന്നാണ് അധ്യാപകരുടെ വാദം. ജീന്‍സിന് പകരം കോളേജില്‍ യൂണിഫോം വരുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പാവപ്പെട്ടവര്‍, പണക്കാര്‍, നഗരവാസി, ഗ്രാമവാസി തുടങ്ങിയ വേര്‍തിരിവുകള്‍ ഉണ്ടാവുകയില്ല. ഇന്‍ര്‍ മീഡിയറ്റ്-ബിരുദാനന്തര വിദ്യാര്‍ത്ഥിനികളോട് കോളേജ് യൂണിഫോമായ ചുരിദാര്‍ ധരിച്ചുവരണമെന്നാണ് അധികൃതരുടെ നിര്‍ദേശം. ഡ്രസ്‌കോഡ് കൊണ്ടുവരുന്ന ആദ്യത്തെ കോളേജാണ് തങ്ങളുടെതെന്ന് അധികൃതര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് പൂര്‍ണിമ സിംഗ് കോളേജ് അധികൃതരുടെ തീരൂമാനത്തെ സ്വാഗതം ചെയ്തു. ഇനിമുതല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ മാന്യമായ വസ്ത്രം ധരിച്ചു വരുമെന്നും പൂര്‍ണിമ പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ മുംബൈയിലെ സെന്റ് സേവ്യേഴയ്‌സ് കോളേജ് വിദ്യാര്‍ത്ഥികള്‍ കീറിയ ജീന്‍സുകള്‍ ധരിച്ചു വരുന്നത് വിലക്കിയിരുന്നു. കുട്ടിയുടുപ്പുകളും കൈയില്ലാത്ത വസ്ത്രം ധരിക്കുന്നുതിനും കോളേജ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.