തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തേണ്ട സാഹചര്യം കേരളത്തിലില്ലെന്ന് മന്ത്രി കെടി.ജലീല്‍. അഞ്ചു വര്‍ഷം കൊണ്ട് കേരളത്തെ തെരുവുനായ മുക്തമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്ന് മന്ത്രി കെ ടി ജലീലീല്‍ പറഞ്ഞു. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് നിയമം നിലവിലുണ്ട്.ഗുണ്ടകള്‍ക്കെതിരെ പ്രയോഗിക്കുന്ന കാപ്പനിയമം തെരുവുനായകളെ കൊല്ലുന്നവര്‍ക്കെതിരെ ചുമത്തേണ്ട സാഹചര്യമില്ല. ഫെഡറല്‍ സംവിധാനത്തിന്റെ കടക്കല്‍ കത്തിവക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും ജലീല്‍ പറഞ്ഞു.

തെരുവുനായ ശല്യത്തില്‍ സുപ്രീംകോടതിയില്‍ ശക്തമായ സത്യവാങ്മൂലം നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കുറ്റപ്പെടുത്തി.തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ നിര്‍ദ്ദേശം സമചിത്തതയോടെയുളള അഭിപ്രായമല്ലെന്നും സുധീരന്‍ പറഞ്ഞു.

അക്രമകാരികളായ നായ്ക്കളെ ഇനിയും കൊല്ലുമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു. നായ്ക്കളെ കൊന്ന് ഹീറോ ആകാൻ നോക്കുന്ന വ്യവസായികളെ നയിക്കുന്നത് മാനസിക വൈകൃതമാണെന്ന മേനകാ ഗാന്ധുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ചിറ്റിലപ്പിള്ളി.

ഡിജിപി ജേക്കബ് തോമസിനെതിരെയുള്ള സര്‍വീസ് ചട്ട ലംഘന കേസില്‍ സിബിഐയും സംസ്ഥാന സര്‍ക്കാരും തുറന്ന ഏറ്റുമുട്ടലിലേക്ക്. ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താന്‍ തയ്യാറെന്ന സിബിഐ നിലപാട് സംശയകരവും ദുരുദ്ദേശ്യത്തോടെ ഉള്ളതുമാണെന്ന് സർക്കാർ ‍ഹൈക്കോടതിയില്‍ വാദിച്ചു. അന്വേഷണത്തിനെതിരെ ജേക്കബ് തോമസ് ,സിബിഐ ഡയറക്ടര്‍ക്ക് കത്തയച്ചത് ശരിയായ നടപടിയല്ലെന്ന് കാട്ടി സിബിഐയും രംഗത്തു വന്നു.