ദില്ലി: ഗര്‍ഭിണികള്‍ക്ക് വിചിത്ര നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ആയുഷ് വകുപ്പിന്റെ ഫണ്ടോടെ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസേര്‍ച്ച് ഇന്‍ യോഗ ആന്റ് നാച്ച്യുറോപ്പതി പുറത്തിറക്കിയ ബുക്ക് ലെറ്റിലാണ് വിചിത്ര നിര്‍ദ്ദേശമുള്ളത്. ബുക്ക് ലെറ്റ് പുറത്തിറക്കിയത് അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ആയുഷ് വകുപ്പ് മന്ത്രി ശ്രീദാ യാസൂ നായിക്കാണ്.
ഗര്‍ഭകാലത്ത് മാംസം കഴിക്കരുത്, ലൈംഗിക ബന്ധത്തിലേര്‍പ്പെടരുത്, മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കണം, ആത്മീയ ചിന്തകളുണ്ടാകണം, മുറിക്കുള്ളില്‍ ഭംഗിയുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നുമാണ് നിര്‍ദ്ദേശം. 2,60,00000 കോടി കുഞ്ഞുങ്ങളാണ് ഇന്ത്യയില്‍ പ്രതിവര്‍ഷം ജനിക്കുന്നത്. ഇവരുടെ അമ്മമാര്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പ്രിസ്‌ക്രിപ്ഷന്‍.
'അമ്മയും കുഞ്ഞും' എന്ന പേരിലാണ് സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസേര്‍ച്ച് ഇന്‍ യോഗ ആന്റ് നാച്ച്യുറോപ്പതിയുടെ ബുക്ക്‌ലെറ്റ്. എന്നാല്‍ ബുക്ക്‌ലെറ്റിലെ അശാസ്ത്രീയമായ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ചോദിക്കാനായി മന്ത്രിയെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ബുക്ക് ലെറ്റ് പുറത്തിറങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടികളുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍, അനുകൂലമായ ദിസങ്ങളില്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ മതിയെ ഗര്‍വിഞ്ജ്യാന്‍ അനുസന്ദാന്‍കേന്ദ്രത്തിന്റെ നിര്‍ദ്ദേശം വാര്‍ത്തയായത്. ഇതിന് പിന്നാലെയാണ് ബുക്ക് ലെറ്റില്‍ ഗര്‍ഭകാലത്ത് ലൈംഗികബന്ധം പാടില്ലെന്ന് നിര്‍ദ്ദേശം വരുന്നത്.
ഗര്‍ഭകാലത്ത് മാംസാഹാരം കഴിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും കൂടുതല്‍ ആരോഗ്യം നല്‍കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. പോഷകവും അയണും ഇറച്ചി കഴിക്കുന്നതിലൂടെ അമ്മയ്ക്കും കുഞ്ഞിനും ലഭിക്കുമെന്ന് പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ മാളവിക സഭര്‍വാള്‍ പറയുന്നു.
