Asianet News MalayalamAsianet News Malayalam

മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ഹൈക്കോടതി രജിസ്‌ട്രാര്‍

no media ban in hc says registrar
Author
First Published Jul 29, 2016, 11:12 PM IST

കൊച്ചി: മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ഹൈക്കോടതി. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ വരാമെന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നും  രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു. ജഡ്ജിമാരുടെ ചേന്പറുകളില്‍ പോകുന്നതിനുളള വിലക്കും നീക്കി. എന്നാല്‍ അടച്ചുപൂട്ടിയ മീഡിയ റൂം തുറക്കുന്നതിനെക്കുറിച്ച് മിണ്ടാട്ടമില്ല.

മാധ്യമപ്രവര്‍ത്തകര്‍ക്ക് അനൗദ്യോഗിക വിലക്കേര്‍പ്പെടുത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം. മാധ്യമങ്ങള്‍ക്ക് വിലക്കില്ല. ആരും വിലക്കിയിട്ടുമില്ല. കോടതികളില്‍ വരാം , റിപ്പോര്‍ട്ട് ചെയ്യാം. ജഡ്ജിമാരുടെ ചേംബറുകളിലും സ്റ്റേ നോ പൂളുകളിലും പോകുന്നതിനുളള വിലക്കും നീക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ ഇവിടങ്ങളില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് അതത് ജഡ്ജിമാര്‍ക്ക് തീരുമാനമെടുക്കാം. കോടതി വാര്‍ത്തകള്‍  സംബന്ധിച്ച് മാര്‍ഗരേഖയുണ്ടാക്കുന്നതിന് രൂപീകരിച്ച ഉന്നതല കമ്മിറ്റി ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാക്കും. വിധി ന്യായങ്ങളും പകര്‍പ്പുകളും മാധ്യമങ്ങള്‍ക്ക് കൃത്യമായി ലഭിക്കുന്നതിന് നടപടിയുണ്ടാക്കുമെന്നും ഹൈക്കോടതിയുടെ വാര്‍ത്താക്കുറിപ്പിലുണ്ട്. ആക്ടിങ് ചീഫ് ജസ്റ്റീസും മുതിര്‍ന്ന നാല് ജഡ്ജിമാരും അടങ്ങിയ സമിതി യോഗം ചേര്‍ന്നാണ് മാധ്യമവിലക്കില്‍ നിലപാടെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അടച്ചുപൂട്ടിയ മീഡിയാ റൂം തുറക്കുന്നതിനെക്കുറിച്ചോ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശമില്ല. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ ജഡ്ജിമാര്‍ക്കിടയിലും അഭിഭാഷകര്‍ക്കിടയിലും ഭിന്നിപ്പ് രൂക്ഷമായതോടെയാണ് നിലപാടില്‍ അയവവരുത്താന്‍ തീരുമാനിച്ചത്.

Follow Us:
Download App:
  • android
  • ios