ഹൈദരാബാദ്: ശവദാഹത്തിനു പണം കണ്ടെത്താനാകാതെ പിതാവ് മകളുടെ മൃതദേഹം അഴുക്കുചാലിലൊഴുക്കി. ഹൈദരാബാദിനു സമീപം മൈലാര്‍ ദേവപള്ളി എന്ന ഗ്രാമത്തിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മയിലാര്‍ദേവ്പള്ളി സ്വദേശിയായ പെന്റയ്യയാണ് ദാരിദ്ര്യം മൂലം പതിനാറുകാരിയായ മകള്‍ ഭവാനിയുടെ മൃതദേഹം അഴുക്കുചാലിലൊഴുക്കിയത്. കടുത്ത ദാരിദ്ര്യം മൂലമാണ് പെന്റയ ഇത് ചെയ്തത്.

പഴക്കം മൂലം ദ്രവിച്ചു തുടങ്ങിയ ശരീരഭാഗങ്ങള്‍ അഴുക്കുചാലില്‍ ഒഴുകിനടക്കുന്നത് നാട്ടുകാര്‍ കണ്ടതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
രണ്ടു വര്‍ഷം മുന്‍പ് പെന്റയ്യയുടെ മകന്‍ സീതാറാം ആത്മഹത്യ ചെയ്തിരുന്നു. അന്ന് മകന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് 50,000 രൂപ പലരില്‍നിന്നായി വായ്പ വാങ്ങി. ഇതിനു പിന്നാലെ, മകളുടെ വയസ്സറിയിക്കല്‍ ചടങ്ങിനും 50,000 രൂപയോളം കടം വാങ്ങി.

എന്നാല്‍ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ വന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. കുടുംബം കടുത്ത ദാരിദ്രത്തിലുമായി. അതിനിടെയാണ് ഇക്കഴിഞ്ഞ മേയ് ആറിന് പെന്റയ്യയുടെ മകള്‍ ഭവാനിയും ജീവനൊടുക്കുന്നത്. അയല്‍വീട്ടില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഭവാനിയെ പിടികൂടിയിരുന്നു. ഇതിന്റെ അപമാനഭാരത്തെ തുടര്‍ന്നായിരുന്നു ഭവാനിയുടെ ആത്മഹത്യ. 

മകളുടെ മൃതദേഹം അടക്കം ചെയ്യാന്‍ പണമില്ലാത്തതിനാല്‍ ജോലിസ്ഥലത്തുനിന്ന് തിരിച്ചെത്തിയ പെന്റയ്യ വിവരം ആരോടും പറയാതെ അര്‍ധരാത്രിയോടെ മൃതദേഹം അടച്ചുറപ്പുള്ള അഴുക്കുചാലില്‍ ഒഴുക്കുകയായിരുന്നു.

മെയ് 31ന് പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ അഴുക്ക് ചാലില്‍ കണ്ടത്. തലയോട്ടിയടക്കമുള്ള ഭാഗങ്ങള്‍ അഴുക്ക് ചാലില്‍ കണ്ടതോടെ അവര്‍ മുതിര്‍ന്നവരെ വിവരമറിയിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. മകള്‍ ആത്മഹത്യ ചെയ്ത വിവരം പോലീസിനെ അറിയിച്ചിരുന്നില്ലെന്നും അതിന് പെന്റയ്യക്കെതിരെ കേസെടുക്കുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.