ദില്ലി: ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വൃത്തിയില്ലെന്ന പരാതിയെത്തുടര്‍ന്ന് റെയില്‍വെ എ സി കോച്ചുകളില്‍ ബ്ലാങ്കറ്റുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ബ്ലാങ്കറ്റുകള്‍ നല്‍കാത്ത എ സി കോച്ചുകളിലെ താപനില 19 ഡിഗ്രിയില്‍ നിന്ന് 24 ഡിഗ്രിയാക്കി ഉയര്‍ത്തും. 24 ഡിഗ്രിയില്‍ യാത്രക്കാര്‍ക്ക് ബ്ലാങ്കറ്റുകള്‍ ആവശ്യം വരില്ലെന്നാണ് കണക്കു കൂട്ടലിലാണ് ഇത്.
ബ്ലാങ്കറ്റുകള്‍ക്ക് 55 രൂപ തോതിലാണ് ചിലവ് കണക്കാക്കുന്നതെങ്കിലും ഇതിന് 22 രൂപ മാത്രമാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്. ഉപയോഗിച്ച ബ്ലാങ്കറ്റുകള്‍ രണ്ട് മാസത്തിലൊരിക്കല്‍ അലക്കണമെന്നാണ് റെയില്‍വേയുടെ നിര്‍ദ്ദേശമെങ്കിലും ഇത് പലപ്പോഴും നടപ്പിലാകാറില്ല. വൃത്തിയില്ലാത്ത ബ്ലാങ്കറ്റുകളെക്കുറിച്ച് യാത്രക്കാരുടെ ഭാഗത്ത് നിന്ന് പലപ്പോഴും പരാതികളുമുണ്ടായിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ബ്ലാങ്കറ്റുകള്‍ നല്‍കുന്നത് നിര്‍ത്തി വെക്കുന്നത് റെയില്‍വേയെ സംബന്ധിച്ച് സാമ്പത്തിക നേട്ടമാണ്.
ട്രെയിനുകളിലെയും റെയില്‍വെ സ്‌റ്റേഷനുകളിലെയും വൃത്തിയില്ലായ്മക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചുകൊണ്ടുള്ള സിഎജി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിന് മുന്‍പിലെത്തിയിരുന്നു.
ഈ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് എസി കോച്ചുകളില്‍ ബ്ലാങ്കറ്റുകള്‍ നല്‍കുന്നത് നിര്‍ത്തി വെക്കാന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. തുടക്കത്തില്‍ ചില ട്രെയിനുകളില്‍ മാത്രമാണ് ബ്ലാങ്കറ്റുകള്‍ നല്‍കുന്നത് നിര്‍ത്തി വെക്കുന്നത്. മറ്റു ട്രെയിനുകളില്‍ നിലവിലെ സ്ഥിതി തുടരും.
