ഗ്രൂപ്പ് പോരും തര്‍ക്കങ്ങളും ഒഴിവാക്കി കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് തന്നെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതെന്ന് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസില്‍ അസാധാരണമായി സംഭവിച്ച ഇക്കാര്യം പുതിയൊരു അധ്യായമാണ്. ഗ്രൂപ്പ് അതിപ്രസരമില്ലാതെ ഏക അഭിപ്രായത്തില്‍ പാര്‍ട്ടിയെ കൊണ്ടുപോകാനുള്ള ഉത്തരവാദിത്വമാണ് തനിക്കുള്ളത്. തിരഞ്ഞെടുപ്പ് തോല്‍വിയിലെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കുമാത്രമല്ല. താനുള്‍പ്പെടെ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ നേതൃസ്ഥാനം വേണ്ടെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെങ്കിലും തുടക്കത്തിലുണ്ടായ കല്ലുകടി അത്ഭുതപ്പെടുത്തുന്നതാണ്. മുല്ലപ്പെരിയാര്‍ വിഷയ്തതില്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ല. ആതിരപ്പിള്ളിയില്‍ ഏകപക്ഷീയ നിലപാടുകള്‍ ഗുണം ചെയ്യില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.