തൃശൂര്‍: ഗാന്ധി വധത്തെക്കുറിച്ച് അസത്യം പ്രചരിപ്പിക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് മഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർ അരുൺ ഗാന്ധി. ഗാന്ധി വധം വീണ്ടും അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു. അവർ ഇപ്പോൾ കൊലപാതകത്തെക്കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നുവെന്നും ആ കൊലപാതകത്തിന്‍റെ ചരിത്രം മാറ്റിയെഴുതുകയാണ് ലക്ഷ്യമെന്നും തുഷാർ ഗാന്ധി ആരോപിച്ചു.
പോഷകാഹാരക്കുറവ് കാരണം കുട്ടികൾ മരിക്കുന്നതിനെക്കാൾ ഒരാൾ സിനിമയെടുക്കുന്നതാണ് അവരുടെ വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ഗാന്ധിയിലേക്ക് മടങ്ങാം പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഗാന്ധിവധത്തിലെ പുനരന്വേഷണത്തെക്കുറിച്ച് ചെറുമകൻ തുഷാർ ഗാന്ധി മനസു തുറന്നത്. ഗാന്ധിജിയുടെ മരണത്തിനുശേഷവും ഇക്കാര്യത്തില്‍ അസത്യങ്ങൾ പ്രചരിക്കുന്നത് ചരിത്രത്തെ തിരുത്താനാണെന്ന് തുഷാർ ഗാന്ധി പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടവർ സിനിമയുടെ പേരിൽ കലാപമുണ്ടാക്കുന്ന കാഴ്ചയാണ് ഇന്ത്യയിലുള്ളതെന്നും തുഷാർ ഗാന്ധി പറഞ്ഞു. ഗാന്ധി വധം പുനരന്വേഷിക്കണമെന്ന ഹർജിക്കെതിരെ നേരത്തെ തുഷാർ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
