ദില്ലി: പൊതുമേഖല വിമാന കമ്പനിയായ ഏയര്‍ ഇന്ത്യയുടെ ആഭ്യന്തര സർവീസുകളിൽ കോഴി വിഭവങ്ങൾക്കു നിയന്ത്രണം. ബിസിനസ് ക്ലാസിൽ മാത്രമായിരിക്കും ഇനി കോഴി വിഭവങ്ങൾ ലഭിക്കുക. ഇക്കോണമിക്ക് ക്ലാസ് യാത്രക്കാർക്കും സസ്യഭക്ഷണം മാത്രമേ ലഭിക്കുകയുളളൂ.
കോഴി വിഭവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ചെലവ് ചുരുക്കലിൻ്റെയും മാലിന്യ സംസ്കരണത്തിൻ്റെയും ഭാഗമായി ആണെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. കൂടാതെ മാംസാഹാരം കഴിക്കുന്നവരും അല്ലാത്തവരുമായി കൂടിക്കലരുന്നത് തടയാൻ കൂടിയാണ് തീരുമാനമെന്നും എയർ ഇന്ത്യ മാനേജുമെൻ്റ് വിശദീകരിക്കുന്നു.
എന്നാൽ ഈ തീരുമാനത്തിനെതിരെ പലരും വിയോജിപ്പ് പ്രകടിപ്പിച്ചു. തീരുമാനം പുനപരിശോധിക്കണമെന്നും ഇത്തരമൊരു പരിഷ്ക്കാരം നടപ്പിലാക്കുന്നതിന് മുമ്പ് യാത്രക്കാരുടെ അഭിപ്രായ സർവ്വേ തേടണമായിരുന്നുവെന്നും വിമാന യാത്രക്കാരുടെ സംഘടന നേതാവ് മഹേഷ് റെഡി പറഞ്ഞു.
എന്നാൽ യാത്രക്കാരിൽ 70 ശതമാനം പേരും സസ്യഭക്ഷണമാണ് തെരഞ്ഞെടുക്കുന്നതെന്നും മാംസഭക്ഷണം വൻ തോതിൽ ബാക്കി വരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരമാനം എടുത്തതെന്നും എയർ ഇന്ത്യ വിശദീകരണം ചെയ്തു.
