ദില്ലി: പ്രായപൂർത്തിയായ രണ്ടുപേരുടെ വിവാഹത്തിൽ മൂന്നാം കക്ഷിക്ക് ഇടപെടാൻ അവകാശമില്ലെന്ന് സുപ്രീംകോടതി. ദുരഭിമാനക്കൊല നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് സുപ്രധാന നിരീക്ഷണം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാതാപിതാക്കളോ സമൂഹമോ മറ്റുള്ളവരോ ആരുമായിക്കൊള്ളട്ടെ, അവർക്ക് രണ്ടു പേർ തമ്മിലുള്ള വിവാഹത്തിൽ ഇടപെടാൻ അവകാശമില്ല. വ്യക്തികളും കൂട്ടായ്മകളും സംഘടനകളും കല്യാണ തീരുമാനത്തിന് പുറത്താണെന്ന് ദീപക് മിശ്ര പറഞ്ഞു. കുടുംബത്തിന്റെ ഇഷ്ടത്തിനും പാരമ്പര്യത്തിനും വിരുദ്ധമായി വിവാഹിതരാകുന്ന ചെറുപ്പക്കാർക്കെതിരെ സ്വയം കോടതി ചമഞ്ഞു വധശിക്ഷ നടപ്പാക്കുന്നത് നിറുത്തലാക്കണം എന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടന ശക്തി വാഹിനിയാണ് ഹർ‌ജി നൽകിയത്.

ഉത്തരേന്ത്യയിലെ ഖാപ് പഞ്ചായത്തുകളുടെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകനും ദുരഭിമാനക്കൊലപാതകത്തെ എതിർത്തു. എന്നാൽ, ഖാപ് പഞ്ചായത്തുകളെക്കുറിച്ചല്ല, വിവാഹിതരാകാനുള്ള രണ്ടുപേരുടെ അവകാശത്തെക്കുറിച്ചാണ് തങ്ങൾക്ക് ആശങ്കയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജാതിയും മതവും മാറി വിവാഹിതരായ ചെറുപ്പക്കാർക്കെതിരെ ഹരിയാനയിലും തമിഴ്നാട്ടിലും അടുത്തകാലത്തുണ്ടായ ദുരഭിമാനക്കൊലകൾ വലിയ ചർച്ചയായിരുന്നു.