കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പോലീസ് മാധ്യമങ്ങൾക്ക് ചോർത്തിയെന്ന ദിലീപിന്‍റെ പരാതി അടിസ്ഥാന രഹിതമാണെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് വിശദമായ സത്യവാങ്മൂലം സമർപ്പിച്ചത്. കുറ്റപത്രം മാധ്യമങ്ങൾക്ക് ലഭിച്ചതെങ്ങനെയെന്ന് പരിശോധിച്ചു വരികയാണെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. 

കേസ് അങ്കമാലി മജിസേടേറ്റ് കോടതി ഡിസംബർ എട്ടിലേക്ക് മാറ്റി. അതേസമയം വിദേശ യാത്ര കഴിഞ്ഞെത്തിയ ദിലീപ് പാസപോർട്ട് കോടതിയിൽ സമർപ്പിച്ചു. യാത്രയുടെ വിശദാംശങ്ങൾ കോടതിയെ അറിയിക്കാനും നിർദ്ദേശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ഗുരുതര ആരോപണവുമായി ദിലീപാണ് ഉയര്‍ത്തിയത്. 

കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർന്നത് ചോദ്യം ചെയ്ത് ദിലീപ് കോടതിയെ സമീപിച്ചിരുന്നു. കുറ്റപത്രം കോടതി പരിഗണിക്കുന്നതിന് മുമ്പ് മാധ്യമങ്ങളില്‍ വന്നു എന്നതാണ് ഹര്‍ജിയില്‍ പ്രധാനമായും ദിലീപ് ഉന്നയിക്കുന്നത്. കുറ്റപത്രം ചോര്‍ത്തി നല്‍കിയത് തനിക്കെതിരായ പൊലീസിന്‍റെ ഗൂഡനീക്കമാണെന്നും ഹര്‍ജിയില്‍ ദിലീപ് ആരോപിച്ചിരുന്നു.