നാളെ രാവിലെയോടെ പമ്പ, നിലയ്ക്കല്‍,എരുമേലി എന്നിവിടങ്ങളില്‍ പൊലീസിനെ വിന്യസിക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും നിലയ്ക്കലിലും മറ്റും ഒരു വിഭാഗം ഭക്തര്‍ വാഹനങ്ങള്‍ തടയുകയും പരിശോധന നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ വൈകിട്ടോടെ തന്നെ പമ്പയിലും നിലയ്ക്കലിലും എരുമേലിയിലും വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. 

പത്തനംതിട്ട:നിലയ്ക്കലിൽ ആരെയും തടയാൻ അനുവദിക്കില്ലെന്ന് എഡിജിപി അനിൽ കാന്ത്. ശബരിമലയിൽ പോകാൻ സ്ത്രീകളാരെങ്കിലും വന്നാൽ തടയില്ല. വാഹനങ്ങൾ തടഞ്ഞവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എഡിജിപി പറഞ്ഞു. തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ പമ്പയിലും പരിസരങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

നാളെ രാവിലെയോടെ പമ്പ, നിലയ്ക്കല്‍,എരുമേലി എന്നിവിടങ്ങളില്‍ പൊലീസിനെ വിന്യസിക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും നിലയ്ക്കലിലും മറ്റും ഒരു വിഭാഗം ഭക്തര്‍ വാഹനങ്ങള്‍ തടയുകയും പരിശോധന നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ വൈകിട്ടോടെ തന്നെ പമ്പയിലും നിലയ്ക്കലിലും എരുമേലിയിലും വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.

നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയുന്നത് അടക്കമുള്ള സമരമുറകളിലേക്ക് നീങ്ങിയതോടെയാണ് പൊലീസ് ആസ്ഥാനത്തെ എഡിജിപി അനില്‍ കാന്തിനോട് ഉടന്‍ നിലയ്ക്കലിലേക്ക് പോകാന്‍ ഡിജിപി നിര്‍ദേശിച്ചത്.ശബരിമലയിലേക്ക് വരുന്ന തീർത്ഥാടകർക്കും കെ എസ് ആർ ടി സി ബസുകൾക്കും പൂർണ സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും ഇന്ന് വൈകുന്നേരത്തോടെ ശക്തമായ രീതിയില്‍ പൊലീസ് വിന്യാസം പൂര്‍ത്തിയാക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നു. നാളെ രാവിലെയോടെ നിലയ്ക്കലിലും പമ്പയിലും വനിതാ പൊലീസിനെ വിന്യസിക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും ഒരു വിഭാഗം ഭക്തര്‍ നിലയ്ക്കലില്‍ ബസ് തടഞ്ഞ് പെണ്‍കുട്ടികളെ ഇറക്കി വിടാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് രണ്ട് കമ്പിനി വനിതാ ബറ്റാലിയനെ വിന്യസിച്ചത്.