കൊച്ചി: പെട്രോള്‍ പമ്പുകളില്‍ കുപ്പിയുമായി വരുന്നവര്‍ക്ക് ഇന്ധനം നല്‍കില്ലെന്ന നിയമം എണ്ണക്കമ്പനികള്‍ കര്‍ശനമാക്കുന്നു. ഇന്ധന ദുരുപയോഗം വര്‍ദ്ദിക്കുന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനികളുടെ നീക്കം.
വഴിയില്‍ വച്ച് പെട്രോള്‍ തീര്‍ന്നാല്‍ കുപ്പിയെടുത്ത് പമ്പിലെത്തി പെട്രോള്‍ വാങ്ങാം എന്ന് ഇനി കരുതേണ്ട. വണ്ടി തള്ളി പമ്പിലെത്തിച്ച് ഇന്ധനം നിറക്കുകയേ രക്ഷയുള്ളൂ. പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്‍കാന്‍ പാടില്ലെന്ന എക്‌സ്‌പ്ലോസീവ് ആക്ടിലെ നിയമം കര്‍ശനമായി നടപ്പാക്കാന്‍ പമ്പുകള്‍ക്ക് എണ്ണക്കമ്പനികള്‍ നിര്‍ദ്ദേശം നല്‍കി. ഈ നിയമം നടപ്പാക്കാന്‍ മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന ടോമിന്‍ തച്ചങ്കരി നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും യാത്രക്കാരുടെ എതിര്‍പ്പിനെതുടര്‍ന്ന് നടപ്പാക്കാന്‍ സാധിച്ചില്ല. കുപ്പിയില്‍ വാങ്ങിയ പെട്രോളൊഴിച്ച് പത്തനംതിട്ടയില്‍ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവമാണ് ഇപ്പോള്‍ നിയമം കര്‍ശനമായി നടപ്പാക്കാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചത്. നിര്‍ദ്ദേശം നടപ്പാകുന്നുണ്ടോ എന്ന് എണ്ണക്കമ്പനികള്‍ നിരീക്ഷിക്കും. എണ്ണക്കമ്പനികളുടെ തീരുമാനം യാത്രക്കാരില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. എന്തായാലും വണ്ടിതള്ളി നടുവൊടിയേണ്ടെങ്കില്‍ യാത്രക്കാര്‍ ഇനി കൂടുതല്‍ കരുതിയിരിക്കണമെന്ന് ചുരുക്കം.
