എച്ച്.എ.ടിയെ വാങ്ങാനുള്ള ലേലത്തില്‍ കേരളത്തിനും പങ്കെടുത്തൂടെ എന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തില്‍ പ്രതിപക്ഷനേതാവ് അത്ഭുതം പ്രകടിപ്പിച്ചു. സ്വകാര്യ കോര്‍പറേറ്റ് കമ്പനികളോട് മത്സരിച്ച് സർക്കാർ ലേലം വിളിക്കാനാണോ പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്നാണ് മാധ്യമങ്ങളെ കണ്ട രമേശ് ചെന്നിത്തല ചോദിച്ചത്.
ദില്ലി: ഏറെ പ്രതീക്ഷയോടെ ദില്ലിയിലെത്തിയ കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തെ പാടെ നിരാശപ്പെടുത്തുന്ന പ്രതികരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നുണ്ടായത്. കേരളനേതാക്കൾ ഉന്നയിച്ച ഏഴ് പ്രധാന വിഷയങ്ങളിൽ ഒന്നിൽ പോലും അനുകൂലമായ പ്രതികരണമോ ഉറപ്പോ പ്രധാനമന്ത്രിയിൽ നിന്നുണ്ടായില്ല എന്നാണ് സൂചന. മഴക്കെടുതിയിൽ സഹായം നൽകാം എന്ന കാര്യത്തോട് മാത്രം അനുകൂല പ്രതികരണം പ്രധാനമന്ത്രിയിൽ നിന്നുണ്ടായി.
കേരളത്തിന്റെ ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ പ്രതികരണവും....
- പുതിയ ഭക്ഷ്യസുരക്ഷാ നിയമത്തിൽ കേരളത്തിന്റെ വിഹിതം കുറവാണ് അതിനാൽ സംസ്ഥാനത്തിനുള്ള റേഷൻ വിഹിതം കൂട്ടണം....
ആവശ്യം തള്ളി... നിയമം അനുസരിച്ച് മാത്രമേ റേഷൻ വിഹിതം അനുവദിക്കാനാകൂ.. കേരളത്തിന് മാത്രമായി പ്രത്യേകമായൊരു ഇളവ് നൽകാനാവില്ല.
- കഞ്ചിക്കോട് കോച്ച് ഫാക്ടറി കേരളത്തിൽ സ്ഥാപിക്കാൻ നടപടിയെടുക്കണം... തറക്കല്ലിട്ട പദ്ധതിയാണ് പിന്നീട് നിഷേധിച്ചത്...
പദ്ധതി നടപ്പാക്കാൻ സാധിക്കില്ലെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി... പല പദ്ധതികൾക്കും തറക്കല്ലിടാറുണ്ട് പക്ഷേ എല്ലാം നടക്കാറില്ല.
- കാലവർഷക്കെടുതിയിൽ സഹായം വേണം
സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു. ദിവസവും റിപ്പോർട്ട് ലഭിക്കുന്നുണ്ട്. ആവശ്യമായ സഹായം ചെയ്യാം
- അങ്കമാലി-ശബരി പാത യഥാർത്ഥ്യമാക്കാൻ പ്രധാനമന്ത്രി ഇടപെടണം. പതിറ്റാണ്ടുകളായി പദ്ധതി അനിശ്ചിതാവസ്ഥയിലാണ്
സ്ഥലമേറ്റെടുക്കൂ അപ്പോൾ പരിഗണിക്കാം വിഷയത്തിൽ റെയിൽവേ മന്ത്രാലയവുമായി ചർച്ച നടത്താൻ അവസരമൊരുക്കാം
- കസ്തൂരി രംഗൻ റിപ്പോർട്ടിൽ കരടു വിജ്ഞാപനം മാത്രമാണ് വന്നത്. അന്തിമവിജ്ഞാപം ഇതുവരെ വന്നിട്ടില്ല. ഇത് മലയോരമേഖലയിലെ ജനജീവിതത്തെ സാരമായി ബാധിക്കുന്നു. അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാൻ അടിയന്തര നടപടി വേണം
കസ്തൂരി രംഗൻ റിപ്പോർട്ടിൽ ഉൾപ്പെട്ട മറ്റു സംസ്ഥാനങ്ങളുടെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമേ അടിയന്തരവിജ്ഞാപനം പുറപ്പെടുവിക്കാനാവൂ. ഇക്കാര്യത്തിൽ അടിയന്തരനടപടികൾ സ്വീകരിക്കാനാവില്ല.
- പൊതുമേഖല സ്ഥാപനമായ എച്ച്.എം.ടിയെ സ്വകാര്യവത്കരിക്കരുത്... സ്ഥാപനത്തെ ഏറ്റെടുക്കാന് സംസ്ഥാനം തയ്യാറാണ്
എച്ച്.എംടിയെ സ്വന്തമാക്കാനുള്ള ലേലത്തിൽ കേരളത്തിനും പങ്കെടുക്കാമല്ലോ....?
- കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനം
വ്യക്തമായ മറുപടി ലഭിച്ചില്ല
കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ നിരാശ മറച്ചു വയ്ക്കാതെയാണ് സംസാരിച്ചത്. കൂടിക്കാഴ്ച്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ പിന്നീട് മാധ്യമങ്ങളെ കണ്ട രമേശ് ചെന്നിത്തല പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച നിരാശജനകമായെന്ന തുറന്നടിച്ചു.
എച്ച്.എ.ടിയെ വാങ്ങാനുള്ള ലേലത്തില് കേരളത്തിനും പങ്കെടുത്തൂടെ എന്ന പ്രധാനമന്ത്രിയുടെ നിര്ദേശത്തില് പ്രതിപക്ഷനേതാവ് അത്ഭുതം പ്രകടിപ്പിച്ചു. സ്വകാര്യ കോര്പറേറ്റ് കമ്പനികളോട് മത്സരിച്ച് സർക്കാർ ലേലം വിളിക്കാനാണോ പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തിലും വ്യോമയാന മന്ത്രാലയവുമായി സംസാരിക്കാം എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഇൗ വിഷയത്തില് ഇതിനോടകം തന്നെ പലവട്ടം കേരളത്തില് നിന്നുള്ള എംപിമാര് പലവട്ടം വ്യോമയാനമന്ത്രാലയവുമായി ചര്ച്ച നടത്തിയതാണ് ഫലമില്ലാതെ വന്നതോടെയാണ് വിഷയം പ്രധാനമന്ത്രിയുടെ മുന്നിൽ എത്തിച്ചത്- പക്ഷേ അദ്ദേഹത്തിന്റെ മറുപടി നിരാശജനകമാണ്.
കേരളത്തിന്റെ വികസനം മുന്നിര്ത്തിയാണ് സര്വകക്ഷി സംഘത്തോടൊപ്പം പ്രതിപക്ഷവും ദില്ലിയിലേക്ക് വന്നത്. എന്നാല് ആശാവഹമായി ഒരു പുരോഗതിയും ചര്ച്ചയിലുണ്ടായില്ല. ഇത്രയും വിഷയം ഉന്നയിച്ചിട്ടും ഒരു കാര്യത്തില്പോലും ശുഭകരമായ ഫലം ഉണ്ടായില്ല എന്നത് അങ്ങേയറ്റം നിരാശജനകമാണ്.
ഒരു കിലോ അരിയാണ് കേരളത്തിലെ എപിഎൽ കാർഡ് കുടുംബങ്ങൾക്ക് നൽകുന്നത് ഇൗ ദയനീയ അവസ്ഥ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. കേരളത്തിനുള്ള അരിവിഹിതത്തിന്റെ കാര്യത്തിൽ ഒരു ഇളവും നൽകാനാവില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത് . സംസ്ഥാനത്തെ അവഗണിക്കുന്നതിന് തുല്യമാണിത് - ചെന്നിത്തല പറഞ്ഞു.
