ബംഗളുരു: ഗൗരി ലങ്കേഷ് വധക്കേസില്‍ ആറാം ദിവസവും എങ്ങുമെത്താതെ അന്വേഷണം. സി സി ടി വി ദൃശ്യങ്ങളില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടയാളെ ചോദ്യം ചെയ്‌തെങ്കിലും പൊലീസിന് സൂചനകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം. അന്വേഷണം വേഗത്തിലാക്കണമെന്ന ആവശ്യവുമായി നാളെ ബെംഗളൂരുവില്‍ അരലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രതിഷേധറാലി നടക്കും.

ഗാന്ധി ബസാറിലെ ഗൗരി ലങ്കേഷ് പത്രികെ ഓഫീസ് മുതല്‍ ആര്‍ ആര്‍ നഗറില്‍ ഗൗരിയുടെ വീട് വരെയുളള 100ലധികം സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. പ്രദേശത്തെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഇതില്‍ സംശയകരമായ രീതിയില്‍ ഒരാളുടെ സാന്നിധ്യം അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മൂന്ന് മാസത്തോളമായി ഗൗരി ലങ്കേഷിന്റെ വീടിനടുത്ത് ഇയാളുണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് ആന്ധ്രസ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. എന്നാല്‍ അന്വേഷണപുരോഗതിക്ക് ആവശ്യമായ സൂചനകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം. ഇയാള്‍ക്ക് സംഭവവുമായി ബന്ധമില്ല എന്ന നിഗമനത്തിലാണ് ചോദ്യംചെയ്യലിന് ശേഷം പൊലീസ്. ഇയാളുടെ പശ്ചാത്തലമെന്തെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സമാന സാഹചര്യത്തില്‍ കണ്ട കൂടുതല്‍ പേരെ ചോദ്യം ചെയ്‌തേക്കും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതിനിടെ നക്‌സലുകള്‍ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ ഒരു സാധ്യതയുമില്ലെന്ന് മുന്‍ നക്‌സലൈറ്റ് നേതാക്കള്‍ പറഞ്ഞു. നക്‌സലുകളെ പ്രതിയാക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരും പങ്കെടുക്കുന്ന കൂറ്റന്‍ റാലി ബംഗളൂരുവില്‍ നടക്കും.അര ലക്ഷം പേരെ പങ്കെടുപ്പിച്ചാണ് റാലി.