Asianet News MalayalamAsianet News Malayalam

ഒരിക്കല്‍ പോലും ലൈംഗിക ബന്ധമില്ല; ഒന്‍പത് വര്‍ഷത്തെ ദാമ്പത്യം ഹൈക്കോടതി റദ്ദാക്കി

രണ്ട് വ്യക്തികള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് സാധുത നല്‍കുകയെന്നത് വിവാഹത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളില്‍ ഒന്നാണ്. അത്തരമൊരു ബന്ധത്തിന്റെ അഭാവത്തില്‍ വിവാഹത്തിന്റെ ലക്ഷ്യം തന്നെ തകര്‍ക്കപ്പെട്ടു.

No sex since wedding Bombay HC nullifies 9 year marriage

മുംബൈ: വിവാഹിതരായി ഒന്‍പത് വര്‍ഷം കഴിഞ്ഞിട്ടും ഒരിക്കല്‍ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്ത ദമ്പതികളുടെ വിവാഹം കോടതി അസാധുവാക്കി. മുംബൈ ഹൈക്കോടതിയുടേതാണ് വിധി. ഭര്‍ത്താവ് തന്നെ വഞ്ചിച്ച് വിവാഹം കഴിച്ചതാണെന്ന് യുവതി കോടതിയില്‍ വാദിച്ചു.

കൊലാപൂര്‍ സ്വദേശികളായ ദമ്പതികള്‍ ദീര്‍ഘനാളായി നടത്തിവന്ന നിയമ പോരാട്ടങ്ങള്‍ക്കാണ് അവസാനമായത്. ഒന്നുമെഴുതാത്ത രേഖകളില്‍ ഒപ്പിട്ടുവാങ്ങി തന്നെ ഭര്‍ത്താവ് വഞ്ചിച്ച് വിവാഹം കഴിച്ചുവെന്ന് യുവതി കോടതിയില്‍ വാദിച്ചു. താന്‍ ഒപ്പിട്ട് നല്‍കിയത് വിവാഹ രേഖകളിലാമെന്ന് അറി‍ഞ്ഞിരുന്നില്ലെന്ന് യുവതി പറ‍ഞ്ഞെങ്കിലും ഇക്കാര്യം കോടതി അംഗീകരിച്ചില്ല. വഞ്ചന നടന്നതായി തെളിവില്ലെന്നും എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരിക്കല്‍ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തത് വിവാഹ മോചനത്തിന് പര്യാപ്തമായ കാരണമാണെന്നും കോടതി കണ്ടെത്തി.

രണ്ട് വ്യക്തികള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് സാധുത നല്‍കുകയെന്നത് വിവാഹത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളില്‍ ഒന്നാണ്. അത്തരമൊരു ബന്ധത്തിന്റെ അഭാവത്തില്‍ വിവാഹത്തിന്റെ ലക്ഷ്യം തന്നെ തകര്‍ക്കപ്പെട്ടു. ഒരു തവണയെങ്കിലും ലൈംഗിക ബന്ധം ഉണ്ടായിരുന്നെങ്കില്‍ അത് വിവാഹം സാധൂകരിക്കാന്‍ കാരണമാകുമായിരുന്നു-മുംബൈ ഹൈക്കോടതി ജഡ്ജി മൃദുല ഭട്കര്‍ നിരീക്ഷിച്ചു.  ഈ കേസില്‍ ഭാര്യയും ഭര്‍ത്താവും ഒരു ദിവസം പോലും ഒരുമിച്ച് കഴിഞ്ഞിട്ടില്ല. ഇവര്‍ തമ്മില്‍ ലൈംഗിക ബന്ധം ഉണ്ടായെന്ന് ഭര്‍ത്താവ് പറയുന്നുണ്ടെങ്കിലും അത് തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകളൊന്നുമില്ലാത്തത് കൊണ്ട് ഭാര്യയുടെ വാദം വിശ്വാസത്തിലെടുക്കുന്നുവെന്നും കോടതി വിധിച്ചു.

തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഭാര്യ ഗര്‍ഭിണിയായിട്ടുണ്ടെന്നും ഭര്‍ത്താവ് കോടതിയില്‍ വാദിച്ചു. എന്നാല്‍ ഗര്‍ഭ നിര്‍ണ്ണയ പരിശോധന നടത്തിയതിന്റെയോ ഏതെങ്കിലും ഗൈനക്കോളജസിറ്റിന്റെ പരിശോധനയ്ക്ക് വിധേയമായതിന്റെയോ ഒരു രേഖയും കണ്ടെത്താനുമായില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തി ഒരുമിച്ച് പോകണമെന്ന് ദമ്പതികളോട് കോടതി ആവശ്യപ്പെടുകയും ഇതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തെങ്കിലും വിജയിച്ചില്ല. ഇരുവരും പരസ്പരം കടുത്ത ശത്രുതയില്‍ കഴിയുകയാണെന്നും അങ്ങനെ ജീവിതത്തിലെ ഒന്‍പത് വര്‍ഷങ്ങള്‍ പാഴാക്കിയെന്നും കോടതി വിധിയില്‍ പറയുന്നു.

2009ലാണ് ഇരുവരും വിവാഹിതരായത്. ഭാര്യയ്ക്കും ഭര്‍ത്താവിനും അന്ന് 21ഉം 24ഉം വയസായിരുന്നു. തന്നെ രജിസ്ട്രാര്‍ ഓഫീസില്‍ കൊണ്ടുപോയി വെള്ളപ്പേപ്പറുകളില്‍ ഒപ്പിട്ടുവാങ്ങിയെന്നും വിവാഹ രേഖകളിലാണെന്ന് അറിയാതെയാണ് ഒപ്പിട്ട് നല്‍കിയതെന്നുമാണ് യുവതി പരാതിപ്പെട്ടത്. നേരത്തെ കേസ് പരിഗണിച്ച കീഴ്ക്കോടതി ഭര്‍ത്താവിന്റെ വാദങ്ങള്‍ അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ബിരുദധാരിയായ യുവതി രേഖകളില്‍ അറിയാതെ ഒപ്പുവെച്ചു എന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചു. എന്നാല്‍ ലൈംഗിക ബന്ധമില്ലാത്തത് കൊണ്ട് വിവാഹമോചനം അനുവദിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios