ജയപൂര്‍: വീട്ടില്‍ ശോചനാലയം ഇല്ലാത്തതിനാല്‍ യുവതിക്ക് വിവാഹമോചനം. രാജസ്ഥാനിലെ ബില്‍വാര ജില്ലയിലെ കുടുംബ കോടതിയാണ് വിവാഹമോചനം നല്കിയത്. വീടുകളില്‍ ശോചനാലയമില്ലാത്ത അവസ്ഥയെ ക്രൂരമെന്ന് കോടതി വിശേഷിപ്പിച്ചു. വീടുകളില്‍ ശോചനാലയം നിര്‍ബന്ധമാണെന്നും അതില്ലാത്തത് പീഡനമാണെന്നും ജഡ്ജി രാജേന്ദ്ര കുമാര്‍ വിധിയില്‍ വ്യക്തമാക്കി.
വീട്ടില്‍ ശോചനാലയവും തങ്ങള്‍ക്ക് സ്വന്തം മുറിയും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്. 2011ല്‍ വിവാഹിതയായ യുവതി 2015ലാണ് അപേക്ഷ നല്കിയത്. ശാരീരിക അസ്വസ്ഥതകള്‍ സഹിച്ച് രാത്രിയില്‍ മാത്രം സ്ത്രീകള്‍ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കുന്നത് വേദനാജനകമാണെന്ന് കോടതി പറഞ്ഞു.
