കാസര്‍കോട്: കാസര്‍കോട് താലൂക്ക് ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ശൗചാലയം ഇല്ലാത്തതിനെതിരെ യുവാക്കളുടെ കക്കൂസ് സമരം.താലൂക്ക് ഓഫീസിനു മുന്നില്‍ ഉപയോഗ്യ ശൂന്യമായ ക്ലോസറ്റുകള്‍ കൊണ്ടുവന്ന് വച്ചായിരുന്നു യുവാക്കളുടെ പ്രതിഷേധം. കാസര്‍കോട് താലൂക്ക് ഓഫീസ് നിലവില്‍ വന്നിട്ട് വര്‍ഷങ്ങളായിട്ടും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ശൗചാലയം ഇതുവരെ പണിതിട്ടില്ല.

വിവിധ ആവശ്യങ്ങളുമായി താലൂക്കോഫീസിലെത്തുന്ന സ്‌ത്രീകളടക്കമുള്ള നൂറുകണക്കിനാളുകള്‍ ശൗചാലയം ഇല്ലാത്തതുമൂലം പ്രയാസത്തിലാണ്.ഓഫീസ് ജീവനക്കാരുപയോഗിക്കുന്ന ശൗചാലയം അത്യാവശ്യത്തിന് പൊതുജനങ്ങള്‍ക്ക് നേരത്തെ അനുവദിച്ചിരുന്നെങ്കിലും ഇപ്പോള്‍ അതുമില്ല.ഇതേതുടര്‍ന്നാണ്
ശൗചാലയം നിര്‍മ്മിക്കണമെന്നാവശ്യപെട്ട് യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പൊതുജനങ്ങള്‍ക്കായി ശൗചാലയം വേണമെന്ന ആവശ്യം ന്യായമാണെന്നും എന്തുകൊണ്ടാണ് ഇതുവരെ ഉണ്ടാക്കാതിരുന്നതെന്നറിയില്ലെന്നുമാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നിലപാട്. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ശൗചാലയം നിര്‍മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ പറഞ്ഞു.