ഗ്രാമത്തിലേക്കുള്ള കുടിവെള്ളവും പാല്‍വിതരണവും അയല്‍ഗ്രാമങ്ങള്‍ നിര്‍ത്തലാക്കി. ഗ്രാമവാസികളെ ബസുകളില്‍ നിന്ന് ഇറക്കിവിട്ടു. യാത്രാസൗകര്യം കൂടി നിഷേധിക്കപ്പെട്ടതോടെ ദിവസങ്ങളായി ഗ്രാമത്തിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനാകുന്നില്ല

കൃഷ്ണ: പന്നിപ്പനി ബാധിച്ച് ആളുകള്‍ മരിക്കുന്നുവെന്ന പ്രചാരണത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ഒരു ഗ്രാമത്തിന് വിലക്ക്. ചിണ്ടക്കൊല്ലു എന്ന ഗ്രാമത്തിലെ ജനങ്ങളെയാണ് വ്യാജപ്രചാരണങ്ങളുടെ പേരില്‍ അയല്‍ഗ്രാമങ്ങള്‍ അയിത്തം കല്‍പിച്ച് മാറ്റിനിര്‍ത്തിയിരിക്കുന്നത്. 

ഒരാഴ്ച മുമ്പ് ഗ്രാമത്തില്‍ നടന്ന രണ്ട് മരണങ്ങളും പന്നിപ്പനി ബാധിച്ചാണെന്നാണ് പ്രചാരണം. എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് രണ്ടുപേരും മരിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വിശദീകരണവുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തിയിട്ടുപോലും സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടായില്ല. 

തുടര്‍ന്ന് ഗ്രാമത്തിലേക്കുള്ള കുടിവെള്ളവും പാല്‍വിതരണവും അയല്‍ഗ്രാമങ്ങള്‍ നിര്‍ത്തലാക്കി. ഗ്രാമവാസികളെ ബസ്സുകളില്‍ നിന്ന് ഇറക്കിവിട്ടു. യാത്രാസൗകര്യം കൂടി നിഷേധിക്കപ്പെട്ടതോടെ ദിവസങ്ങളായി ഗ്രാമത്തിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനാകുന്നില്ല. 

കുടിവെള്ള പ്രശ്‌നം ശ്രദ്ധയില്‍ പെടുത്തിയതോടെ ജില്ലാ കളക്ടര്‍ ഇടപെട്ട് സ്ഥലത്തേക്ക് വെള്ളമെത്തിക്കാന്‍ തീരുമാനമായിട്ടുണ്ട്. മറ്റ് വിലക്കുകള്‍ കൂടി നീക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് ഇക്കഴിഞ്ഞ ഒക്ടോബറില്‍ പന്നിപ്പനി ബാധിച്ച് നിരവധി പേര്‍ മരിച്ചിരുന്നു. മിക്ക കേസുകളും ആന്ധ്രയയിലെ കുര്‍ണൂല്‍, ചിറ്റൂര്‍, തിരുപ്പതി മേഖലകളിലായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.