ഇങ്ങനെയും ഒരു ഗ്രാമം

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ സംഖ്യ ശ്യാം ഗ്രാമത്തില്‍ ഒരു കുഞ്ഞ് പിറന്നിട്ട് നാന്നൂറ് വര്‍ഷമായി. ഗ്രാമത്തില്‍ കുഞ്ഞു പിറന്നാല്‍ അമ്മയക്കോ കുഞ്ഞിനോ അപകടം സംഭവിക്കുമെന്നാണ് ഗ്രാമവാസികള്‍ കരുതുന്നത്. തങ്ങളുടെ ഗ്രാമത്തിനേറ്റ ശാപമാണ് ഇതിനെല്ലാം കാരണമെന്നാണ് ഈ ഗ്രാമീണര്‍ പറയുന്നത്. എന്‍ഡിറ്റിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗര്‍ഭിണികളായ സ്ത്രീകള്‍ പ്രസവിക്കാനായി ഗ്രാമത്തില്‍ നിന്നും പുറത്തേക്ക് പോവാറാണ് പതിവ്. തൊണ്ണൂറ് ശതമാനം പ്രസവങ്ങളും ആശുപത്രിയില്‍ നിന്നാണ് നടക്കാറെന്നും എന്നാല്‍ ചില അടിയന്തര ഘട്ടങ്ങളില്‍ ഗ്രാമത്തിന് പുറത്ത് പണികഴിപ്പിച്ച കെട്ടിടം പ്രസവാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും ഗ്രാമത്തലവന്‍ പറയുന്നു.

പതിനാറാം നൂറ്റാണ്ടില്‍ നടന്ന ക്ഷേത്ര നിര്‍മ്മാണത്തെ ഒരു സ്ത്രീ തടസപ്പെടുത്തിയതാണ് ഗ്രാമത്തിന് ശാപമേല്‍ക്കാന്‍ കാരണമെന്നാണ് ഗ്രാമീണര്‍ കരുതുന്നത്. ക്ഷേത്ര നിര്‍മ്മാണം നടന്നുകൊണ്ടിരിക്കെ ഒരു സ്ത്രീ ഗോതമ്പു പൊടിച്ചു. ഇത് നിര്‍മ്മാണത്തെ തടസപ്പെടുത്തി.ഇതില്‍ പ്രകോപിതനായ ദൈവം ഗ്രാമത്തില്‍ നിന്നും ഒരു സ്ത്രീക്കും പ്രസവിക്കാന്‍ കഴിയാതെ പോകട്ടെയെന്ന് ശപിച്ചു പോലും.

എന്നാല്‍ ഇതിനെ വെറുമൊരു കെട്ടുകഥയായി തള്ളിക്കളയാന്‍ ഗ്രാമീണര്‍ ഒരുക്കമല്ല. ഗ്രാമത്തില്‍ നടന്ന ചില പ്രസവങ്ങള്‍ ഇതിനുദാഹരണമായി ഗ്രാമവാസികള്‍ ചൂട്ടിക്കാട്ടുന്നു. ഗ്രാമത്തില്‍ ആരും മദ്യപിക്കുകയോ മാംസാഹാരം കഴിക്കുകയോ ചെയ്യില്ലെന്നും അത് ദൈവത്തില്‍ നിന്നുള്ള അനുഗ്രഹമാണെന്നും ഗ്രാമത്തിലെ മുതിര്‍ന്നൊരാള്‍ പറഞ്ഞതായി എന്‍ഡിറ്റിവി റിപ്പോര്‍ട്ട് ചെയ്യുന്നു.