ജില്ലകളില്‍ നിന്നെത്തുന്ന ദൈനംദിന ക്രമസമാധാന റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ഡിജിപിക്ക് നല്‍കേണ്ടതും, താഴേ തട്ടിലേക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതും എഡിജിപിയുടെ ചുമതലയാണ്.  എന്നാല്‍ മുന്‍ ഡിജിപി രാജേഷ് ദിവാന്‍ ഉത്തരമേഖലയുടെ ചുമതലയില്‍ നിന്ന്  വിരമിച്ച ശേഷം  തസ്തികയില്‍ ആളെ നിയമിച്ചിട്ടില്ല

കോഴിക്കോട്: രാഷ്ട്രീയ കൊലപാതകങ്ങളുള്‍പ്പടെ വടക്കന്‍ കേരളത്തില്‍ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോൾ ക്രമസമാധാന പാലനത്തിന് നേതൃത്വം നല്‍കേണ്ട ഉത്തരമേഖല എഡിജിപി തസ്തികയില്‍ ആളില്ല. കഴിഞ്ഞ പതിനൊന്ന് മാസമായി കസേര ഒഴിഞ്ഞു കിടന്നിട്ടും പുതിയ നിയമനം നടന്നിട്ടില്ല.

വാട്സ്ആപ്പ് ഹര്‍ത്താല്‍, ശബരിമല സമരവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍, ഏറ്റവുമൊടുവിലായി കാസര്‍കോട്ടെ ഇരട്ട കൊലപാതകം തുടങ്ങി വടക്കന്‍ ജില്ലകളിലെ ക്രമസമാധാന രംഗം തുടർച്ചയായി വെല്ലുവിളി നേരിടുകയാണ്. കൊലപാതകത്തിന്‍റെ വക്കോളമെത്തുന്ന രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും കുറവില്ല. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള അഞ്ച് ജില്ലകളുടെ ക്രമസമാധാനപാലനത്തിന്‍റെ ചുമതല ഉത്തരമേഖല എഡിജിപിക്കാണ്. 

ജില്ലകളില്‍ നിന്നെത്തുന്ന ദൈനംദിന ക്രമസമാധാന റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ഡിജിപിക്ക് നല്‍കേണ്ടതും, താഴേ തട്ടിലേക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതും എഡിജിപിയുടെ ചുമതലയാണ്. എന്നാല്‍ മുന്‍ ഡിജിപി രാജേഷ് ദിവാന്‍ ഉത്തരമേഖലയുടെ ചുമതലയില്‍ നിന്ന് വിരമിച്ച ശേഷം തസ്തികയില്‍ ആളെ നിയമിച്ചിട്ടില്ല. 

കാസര്‍കോട്ടെ, ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തിലടക്കം പോലീസ് ജാഗ്രത കുറവായിരുന്നുവെന്ന ആക്ഷേപം നേരിടുമ്പോഴാണ് തന്ത്രപ്രധാന തസ്തിക ശൂന്യമായി കിടക്കുന്നത്. ദക്ഷിണ മേഖല എഡിജിപി അനില്‍കാന്തിന് അധിക ചുമതല നല്‍കിയിട്ടുണ്ടെങ്കിലും, ഇടപെടല്‍ കാര്യക്ഷമമല്ല. എഡിജിപി തസ്തികയില്‍ ഉദ്യോഗസ്ഥരുണ്ടായിട്ടും രാഷ്ട്രീയ താല്‍പര്യം മുന്‍ നിര്‍ത്തി നിയമനം വൈകുന്നുവെന്നാണ് സൂചന. തസ്തികയില്‍ ഉടന്‍ ആളെത്തുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പ്രതികരണം.