ദില്ലി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ഏകീകൃത പ്രവേശന പരീക്ഷ നടത്താന്‍ നല്‍കിയ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. രണ്ടു ഘട്ടമായി നടത്തണമെന്ന ഉത്തരവു പിന്‍വലിക്കണമെന്നും ഒറ്റ ഘട്ടമായി ജൂലായ് 24നു പരീക്ഷ നടത്തണമെന്നുമായിരുന്നു ആവശ്യം.

ഇതോടെ സുപ്രീം കോടതിയുടെ ഇന്നലത്തെ ഉത്തരവ് അതേപടി നടപ്പാകും. മേയ് ഒന്നിന് അഖിലേന്ത്യാ പ്രീ മെഡിക്കല്‍ ടെസ്റ്റിന്റെ ഒന്നാം ഘട്ടവും ജൂലായ് 24ന് രണ്ടാം ഘട്ടവും നടത്തും. ഓഗസ്റ്റ് 17നു ഫലം പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ 30നു മുന്‍പു പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കും.

വിവിധ സംസ്ഥാനങ്ങള്‍ പ്രവേശന പരീക്ഷയ്ക്ക് ഇതിനോടകം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും പലേടത്തും പ്രവേശന പരീക്ഷ കഴിഞ്ഞെന്നും ഇതിനിടെ വീണ്ടും ഒരു പരീക്ഷ എഴുതുന്നതിലും തുടര്‍ന്നുള്ള പ്രവേശന നടപടികളിലും വിദ്യാര്‍ഥികള്‍ക്ക് ഏറെ ആശങ്കകള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണു കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്.

മേയ് ഒന്ന് ഞായറാഴ്ച നടത്താനിരിക്കുന്ന പരീക്ഷ ഉപേക്ഷിക്കണമെന്നും ജൂലായ് 24ന് ഒറ്റ ഘട്ടമായി പരീക്ഷ നടത്തണമെന്നുമായിരുന്നു ആവശ്യം. സംസ്ഥാനങ്ങള്‍ നടത്തിയ പരീക്ഷ അസാധുവാക്കരുത്, ഇംഗ്ലിഷിനും ഹിന്ദിക്കും പുറമേ പ്രാദേശിക ഭാഷകളും അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.