ദ്രാവിഡ മുന്നേറ്റത്തിന്‍റെ അമരക്കാരനായിരുന്ന പെരിയോറിന്‍റെ ഹൃദയത്തില്‍ തറച്ച മുള്ളിനെ എടുത്ത് കളയുക എന്ന ലക്ഷ്യമാണ് തന്‍റെ മുന്നിലുള്ളതെന്ന് കരുണാനിധി ഒരിക്കല്‍ പറഞ്ഞിരുന്നു. 

മധുരെ: കലാകാരനായും രാഷ്‍ട്രീയക്കാരനായും വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം തമിഴ് മണ്ണില്‍ നയിച്ച നേതാവാണ് എം. കരുണാനിധി. ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുമ്പോഴും അദ്ദേഹത്തിന് മരണത്തെയും തോല്‍പ്പിക്കാനാകുമെന്ന വിശ്വാസത്തിലാണ് തമിഴ് മക്കള്‍. ഈ അവസ്ഥയില്‍ 1970 മുതല്‍ കരുണാനിധി പോരാട്ടം നയിച്ച ഒരു വിപ്ലവ മുന്നേറ്റം തമിഴ്നാട്ടില്‍ വിജയം കണ്ടിരിക്കുകയാണ്.

ജാതിയുടെ എല്ലാ മതിലുകളും പൊളിച്ച് തമിഴ്‍നാട്ടിലെ ക്ഷേത്രത്തില്‍ ആദ്യമായി ബ്രാഹ്മണനല്ലാത്ത പൂജാരിയെ നിയമിച്ചു. 1970ല്‍ എതു ജാതിയില്‍പ്പെട്ടയാളിനും പൂജാരിയാകാമെന്ന ഉത്തരവ് കരുണാനിധി കൊണ്ടു വന്നിരുന്നു. എന്നാല്‍, സുപ്രീം കോടതിയുടെ ഇടപെടലില്‍ അത് നടക്കാതെ പോയി. 2006ല്‍ വീണ്ടും ഇതേ ഉത്തരവ് ഇട്ടപ്പോഴും അത് രാജ്യത്തെ പരമോന്നത നീതി പീഠം സ്റ്റേ ചെയ്തു.

തമിഴ്നാട്ടിലെ ദ്രാവിഡ മുന്നേറ്റത്തിന്‍റെ അമരക്കാരനായിരുന്ന പെരിയോറിന്‍റെ ഹൃദയത്തില്‍ തറച്ച മുള്ളിനെ എടുത്ത് കളയുക എന്ന ലക്ഷ്യമാണ് തന്‍റെ മുന്നിലുള്ളതെന്ന് കരുണാനിധി ഒരിക്കല്‍ പറഞ്ഞിരുന്നു. ദ്രാവിഡ മുന്നേറ്റങ്ങളുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് നൂറ്റാണ്ടുകളായി ബ്രാഹ്മണര്‍ കെെവശപ്പെടുത്തി വച്ചിരുന്ന ഈ അധികാരം മാറ്റുക എന്നതായിരുന്നു.

2006ലെ കരുണാനിധിയുടെ ഉത്തരവ് വന്നതിന് ശേഷം എസ്‍സി, എസ്‍ടി വിഭാഗത്തില്‍ നിന്നുള്ള 24 പേരടക്കം 206 പേര്‍ തമിഴ്നാട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റ് നടത്തിയ ജൂനിയര്‍ പ്രീസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ നിയമനം ലഭിച്ചില്ല.

തുടര്‍ന്ന് 2015ല്‍ ഏത് ജാതിയില്‍പ്പെട്ടവര്‍ക്കും പൊതു ക്ഷേത്രങ്ങളില്‍ പൂജാരിയാകാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 2006ല്‍ പരിശീലനം ലഭിച്ച ഒരാളെയാണ് മധുരെ തല്ലക്കുളം അയ്യപ്പന്‍ ക്ഷേത്രത്തില്‍ നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.