ബഹളത്തിനിടെ പരമാവധി ഗ്രാറ്റുവിറ്റി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തുന്ന ബില്ല് ചര്‍ച്ച കൂടാതെ രാജ്യസഭ പാസാക്കി.

ദില്ലി: അവിശ്വാസപ്രമേയ നോട്ടീസില്‍ ബഹളം കാരണം വോട്ടെടുപ്പ് സാധ്യമല്ലെന്ന നിലപാട് ലോക്‌സഭാ സ്‌പീക്കര്‍ തുടരുന്നു. വോട്ടെടുപ്പ് ആവശ്യപ്പെട്ട് രാഷ്‌ട്രപതിയെ കാണുന്ന കാര്യം പരിഗണനയിലാണെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാം എന്ന നിലപാടുമായി പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാര്‍ ഇന്നും എഴുന്നേറ്റു. വീണ്ടും വീണ്ടും കൊണ്ടു വരുന്ന അവിശ്വാസ നോട്ടീസ് ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് അദ്ദേഹം സഭയെ അറിയിച്ചു.

എന്നാല്‍ സര്‍ക്കാരുമായി ബന്ധമുള്ള അണ്ണാഡിഎംകെയും ടിആര്‍എസും മുദ്രാവാക്യം വിളി തുടര്‍ന്നു.ഈ നോട്ടീസ് സഭയ്ക്കു മുമ്പാകെ കൊണ്ടു വരാൻ ഞാൻ ബാധ്യസ്ഥയാണെന്ന് സ്പീക്കര്‍ സുമിത്ര മഹാജനും നിലപാടെടുത്തു. തുടര്‍ച്ചയായ അഞ്ചാം ദിവസവും നോട്ടീസ് പരിഗണിക്കാത്ത സാഹചര്യത്തില്‍ രാഷ്‌ട്രപതിയെ കാണാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.

പ്രതിപക്ഷത്തിന്‍റെ പെരുമാറ്റത്തില്‍ രാജ്യസഭയില്‍ അദ്ധ്യക്ഷന്‍ വെങ്കയ്യനായിഡു കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഈ മോശം കാഴ്ചകൾ ജനം കാണാതിരിക്കാനാണ് സഭ നിര്‍ത്തിവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബഹളത്തിനിടെ പരമാവധി ഗ്രാറ്റുവിറ്റി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തുന്ന ബില്ല് ചര്‍ച്ച കൂടാതെ രാജ്യസഭ പാസാക്കി. നേരത്തെ ലോക്‌സഭ പാസ്സാക്കിയ ബില്ലിന് രാജ്യസഭയുടെ അനുമതിയും കിട്ടിയതോടെ മാര്‍ച്ച് 31ന് വിരമിക്കുന്ന ജീവനക്കാര്‍ക്കും ഇതിന്റെ പ്രയോജനം കിട്ടും.