തിരുവനന്തപുരം: പെരിയയിലെ കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ അർദ്ധരാത്രി യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താലിൽ ജനം വലഞ്ഞു. ഹർത്താൽ പ്രഖ്യാപിച്ച വിവരം അറിയാതെ രാവിലെ വീട്ടിൽ നിന്ന് പുറപ്പെട്ട പലരും വഴിയിൽ കുടുങ്ങി. ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ വഴിയിൽ ഇറക്കിവിടുകയും വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ നിർബന്ധിച്ച് അടപ്പിക്കുകയും ചെയ്തു. പലയിടത്തും ഹർത്താൽ അനുകൂലികളും വ്യാപാരികളും തമ്മിൽ സംഘർഷമുണ്ടായി.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും മാറ്റിവച്ചു. തൃശ്ശൂരിൽ  സംസ്ഥാനതല പഞ്ചായത്ത് ദിന ആഘോഷത്തിൻറെ ഉദ്ഘാടനം ഉൾപ്പെടെ അഞ്ച് പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കാനിരുന്നത്. ഇവയെല്ലാം റദ്ദാക്കി മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങി. മറ്റ് മന്ത്രിമാരുടെ വിവിധ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും നയിക്കുന്ന കേരള സംരക്ഷണ യാത്രകളുടെ ഇന്നത്തെ പര്യടനം റദ്ദാക്കി. കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന കേരള മഹായാത്രയുടെ ഇന്നത്തെ പര്യടനവും റദ്ദാക്കിയിട്ടുണ്ട്. 

തിരുവനന്തപുരം കല്ലറയിൽ  അടപ്പിക്കാനെത്തിയ ഹർത്താൽ അനുകൂലികളും വ്യാപാരികളും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. തമ്പാനൂർ ബസ് സ്റ്റാന്റിൽ കെഎസ്ആർടിസി ബസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു. ആറ്റുകാൽ പൊങ്കാലയ്ക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനാൽ തിരുവനന്തപുരം നഗരത്തിലെ കടകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊല്ലം ചിന്നക്കടയിൽ ബസുകളും സ്വകാര്യവാഹനങ്ങളും തടഞ്ഞ് യാത്രക്കാരെ ഇറക്കി വിട്ടു.

പാലക്കാട് വാളയാർ ഭാഗത്ത് സർവീസ് നടത്തിയിരുന്ന ഇതരസംസ്ഥാന ബസുകൾക്കും കെഎസ്ആർടിസി ബസുകൾക്കും നേരെ കല്ലേറുണ്ടായി. കൊയിലാണ്ടിയിൽ കട തുറന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ പി ശ്രീധരനെ സമരാനുകൂലികൾ കടയ്ക്കുള്ളിൽ ഇട്ടുപൂട്ടി. മലപ്പുറം ചങ്ങരംകുളത്ത് ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. തൃശ്ശൂരിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. ശക്തൻ മാർക്കറ്റും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഗുരുവായൂർ നഗരത്തെ ചാവക്കാട് കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. ഉത്സവം നടക്കുന്നതിനാൽ ഗുരുവായൂർ നഗരത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.

ഇടുക്കി രാജാക്കാട്ട് കടകൾ അടപ്പിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവത്തരും വ്യാപാരികളും തമ്മിൽ സംഘർഷമുണ്ടായി. കട്ടപ്പനയിൽ വാഹനം തടയാൻ ശ്രമിച്ച 11 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിനെ ഹർത്താൽ കാര്യമായി ബാധിച്ചിട്ടില്ല. എന്നാൽ മൂന്നാറിലേക്കുള്ള ബസുകൾ തടയുന്നുണ്ട്. UDF ഭരിക്കുന്ന മലപ്പുറം മുനിസിപ്പാലിറ്റി ഓഫീസ് തുറന്നതിനെതിരെ യൂത്ത് കോൺഗ്രസ് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

എറണാകുളം ജില്ലയിൽ പള്ളുരുത്തി, പെരുമ്പാവൂർ. ആലുവ തുടങ്ങിയ ഭാഗങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കളമശേരി എച്ച്എംടി ജംഗ്ഷനിൽ കട അടപ്പിക്കാൻ എത്തിയ ഹർത്താൽ അനുകൂലികളും വ്യാപാരികളും തമ്മിൽ സംഘർഷമുണ്ടായി. കൊച്ചി തോപ്പുംപ്പടിയിൽ യൂത്ത് കോൺഗ്രസ് വാഹനങ്ങൾ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. അങ്കമാലി ടൗണിൽ പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ  കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞതിനെത്തുടർന്ന് നേരിയ സംഘർഷമുണ്ടായി.