വടക്കേ അമേരിക്കന്‍ രാജ്യങ്ങളായ കാനഡ, മെക്‌സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ലോകകപ്പിന് വേദിയൊരുക്കും.

മോസ്‌കോ: 2026 ഫുട്‌ബോള്‍ ലോകകപ്പ് മൂന്ന് രാജ്യങ്ങളിലായി നടക്കും. വടക്കേ അമേരിക്കന്‍ രാജ്യങ്ങളായ കാനഡ, മെക്‌സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ലോകകപ്പിന് വേദിയൊരുക്കും. രണ്ടാം തവണയാണ് മെക്‌സിക്കോയും അമേരിക്കയും ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയാകുന്നത്. കാനഡയ്ക്ക് ഇത് ആദ്യ ലോകകപ്പാണ്.

ടീമുകളുടെ പങ്കാളിത്വം കണക്കാക്കുമ്പോള്‍ ഏറ്റവും വലിയ ലോകകപ്പിനാണ് വടക്കേ അമേരിക്ക വേദിയാവുക. 48 ടീമുകളാണ് ഈ 2026 ലോകകപ്പില്‍ കളിക്കുക. 34 ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ 80 മത്സരങ്ങളുണ്ടാകും. ഇതില്‍ 60 മത്സരങ്ങള്‍ യുഎസില്‍ നടക്കും. 10 വീതം മത്സരങ്ങള്‍ക്ക് കാനഡയും മെക്‌സിക്കോയും വേദിയാവും. ക്വാര്‍ട്ടര്‍ മുതലുള്ള എല്ലാ മത്സരങ്ങള്‍ക്കും അമേരിക്ക വേദിയാകും.

203 ഡെലിഗേറ്റുകളില്‍ നിന്ന് 134 വോട്ടുകളാണ് മൂവര്‍ക്കും ലഭിച്ചത്. ലോകകപ്പിന് നടത്താന്‍ അവകാശവാദമുന്നയിച്ച മൊറോക്കോ 65 വോട്ടുകളാണ് ലഭിച്ചത്. ഒരു ഡെലിഗേറ്റ് ഇരു രാജ്യങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്തിയില്ല. വടക്കേ അമേരിക്കയില്‍ മുന്‍പ് നടന്ന മൂന്ന് ലോകകപ്പിലും തെക്കേ അമേരിക്കന്‍ ടീമുകളായിരുന്നു ചാംപ്യന്മാര്‍. 1970ല്‍ നടന്ന മെക്‌സിക്കോ ലോകകപ്പില്‍ ബ്രസീല്‍ ചാംപ്യന്‍ഷിപ്പ് നേടി. 86ല്‍ ഒരിക്കല്‍കൂടി മെക്‌സിക്കോയിലേക്ക് ലോകകപ്പെത്തിയപ്പോള്‍ അര്‍ജന്റീന ലോകകപ്പ് നേടി. 94ല്‍ നടന്ന യുഎസ് ലോകകപ്പില്‍ ബ്രസീലായിരുന്നു ചാംപ്യന്മാര്‍.