ആണവ മിസൈൽ പരീക്ഷണങ്ങൾ നിർത്തിവച്ചതായി വടക്കൻ കൊറിയ

പിയോങ്യാങ്: ആണവ മിസൈൽ പരീക്ഷണങ്ങൾ നിർത്തിവച്ചതായി വടക്കൻ കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ. ആണവ പരീക്ഷണശാല അടച്ചുപൂട്ടുമെന്നും കിം പ്രഖ്യാപിച്ചു. തെക്കൻ കൊറിയൻ പ്രസിഡന്റുമായും അമേരിക്കൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് പ്രഖ്യാപനം. 

ഉപരോധങ്ങൾക്കിടയിലും പിന്നോട്ട് പോക്കില്ലെന്ന് പ്രഖ്യാപിച്ച കിം ജോങ് ഉന്നാണ് അപ്രതീക്ഷിത നടപടിയിലൂടെ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. നേരത്തെ മിസൈൽ പരീക്ഷണങ്ങളുടെ പേരിൽ വിമ‍ർശനമുയരുന്പോഴും പുതിയ ഉപരോധം വരുന്പോഴും മിസൈൽ തൊടുത്ത് തിരിച്ചടിക്കുന്നതായിരുന്നു കിമ്മിന്റെ ശൈലി. എന്നാൽ ഇത്തവണ വടക്കൻ കൊറിയയുടെ ലക്ഷ്യങ്ങൾ വേറെയാണ്. 

ആറ് ആണവ പരീക്ഷണങ്ങളിലൂടെ രാജ്യത്തിന്റെ ആണവായുധ നിർമ്മാണം പൂർത്തിയായെന്നും ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നുമാണ് വിശദീകരണം. എന്നാൽ നിലവിലെ ആണവായുധങ്ങങ്ങൾ നിർവീര്യമാക്കുമെന്നോ നശിപ്പിക്കുമെനന്നോ വടക്കൻ കൊറിയ വ്യക്തമാക്കയിട്ടില്ല.

പ്രഖ്യാപനത്തെ തെക്കൻ കൊറിയയും ചൈനയും ജപ്പാനും സ്വാഗതം ചെയ്തു. ലോകത്തിനും കൊറിയക്കും നന്മയുണ്ടാക്കുന്ന തീരുമാനമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. നിരവധി പ്രഖ്യാപനങ്ങൾ ലംഘിച്ചിട്ടുള്ളതിനാൽ കിമ്മിന്റെ വാക്കുകൾ മുഖവിലയ്ക്കെടുക്കണമോയെന്ന കാര്യത്തിൽ വിദഗ്ധർ രണ്ടു തട്ടിലാണ്. 

ഇരുകൊറിയകൾക്കുമിടയിൽ ഹോട്ട്‍ലൈൻ ബന്ധം പുനസ്ഥാപിക്കപ്പെട്ടതിന് പിന്നാലെയുള്ള കിം ജോംഗ് ഉന്നിന്റെ ഈ നടപടി ഈ മാസമൊടുവിൽ കിം^മൂൺ ജെ ഇൻ കൂടിക്കാഴ്ചയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുത്തത്. ജൂണിൽ നടക്കാനിരിക്കുന്ന ട്രംപ് കിം ജോംഗ് ഉൻ കൂടിക്കാഴ്ചയേയും ഇത് സ്വാധീനിക്കും.