പ്യോംഗ്യാംഗ്:അമേരിക്കയെ വെല്ലുവിളിച്ച് യുദ്ധഭീതി പരത്തി വീണ്ടും ഉത്തരകൊറിയ. സൈനിക ശക്തി തെളിയിക്കാന്‍ അമേരിക്കയുടെ വിമാനവാഹിനി കപ്പലായ കാള്‍ വിന്‍സന്‍ ആക്രമിച്ചു മുക്കാന്‍ തയാറാണെന്ന് ഉത്തരകൊറിയ വെല്ലുവിളിച്ചു. ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ മുഖപത്രത്തിലാണ് യുഎസിനെ വെല്ലുവിളിച്ച് ഉത്തരകൊറിയ ശബ്ദമുയര്‍ത്തിയിരിക്കുന്നത്.

ഉത്തരകൊറിയയുടെ സമീപത്തേയ്ക്ക് നീങ്ങാന്‍ യുദ്ധക്കപ്പലിനു അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ഭീക്ഷണി. ഒറ്റ ആക്രമണത്തിലൂടെ യുഎസിന്റെ ആണവവാഹിനിയായ യുദ്ധക്കപ്പല്‍ മുക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു. യുഎസ് വിമാനവാഹിനിയെ വൃത്തികെട്ട മൃഗമെന്നും പത്രം ആക്ഷപിച്ചു.

അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ കൊറിയന്‍ മുനമ്പിനെ ലക്ഷ്യമാക്കി നീങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് ഉത്തരകൊറിയയുടെ പുതിയ വെല്ലുവിളിയെന്നത് ശ്രദ്ധേയമാണ്. ഉത്തരകൊറിയയുടെ ആണവപദ്ധതിയോടുള്ള പ്രതികരണമായി രണ്ടാഴ്ചമുമ്പാണ് യു.എസ്. അവിടേക്ക് പോര്‍ക്കപ്പലുകള്‍ അയക്കുമെന്ന് പ്രഖ്യാപിച്ചത്.