ഉത്തര ദക്ഷിണ കൊറിയകള്‍ക്കിടയിലുള്ള വെടിനിര്‍ത്തല്‍ മേഖലയില്‍ സേര്‍ച്ച് ലൈറ്റ് സ്ഥാപിച്ച സഖ്യസേനയുടെ നടപടിയാണ് ഇരുവര്‍ക്കുമിടയിലുള്ള ബന്ധം വീണ്ടും വഷളാക്കിയിരിക്കുന്നത്. തങ്ങളുടെ സൈനിക പോസ്റ്റുകളിലേക്ക് ഈ സേര്‍ച്ച് ലൈറ്റില്‍ നിന്നും പ്രകാശം എത്തുന്നത് നിരീക്ഷണ സംവിധാനത്തെ ബാധിക്കുന്നുവെന്നാണ് ഉത്തരകൊറിയയുടെ ആരോപണം. സൈനികരുടെ സുരക്ഷിതത്വത്തെ ഇത് വെല്ലുവിളിക്കുന്നുവെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നടപടി പിന്‍വലിക്കാന്‍ സഖ്യസേന തയ്യാറാകാത്ത പക്ഷം മേഖലയില്‍ ആക്രമണം നടത്താന്‍ തങ്ങള്‍ നിര്‍ബ്ബന്ധിതരാകുമെന്നാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്.
ഇത്തരം നടപടികള്‍ ഉത്തര കൊറിയന്‍ സൈനികരെ രോഷാകുലമാക്കുമെന്നും അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കുമെന്നും ഭരണ കക്ഷിയായ പീപ്പിള്‍സ് ആര്‍മി വ്യക്തമാക്കി. ദക്ഷിണ കൊറിയന്‍ കടലില്‍ കഴിഞ്ഞ തിങ്കളാഴ്ച അമേരിക്കന്‍, ദക്ഷിണ കൊറിയന്‍ സേനാ വിഭാഗങ്ങള്‍ നടത്തിയ സൈനികാഭ്യാസം തങ്ങള്‍ക്ക് നേരെ നടത്താന്‍ ഒരുങ്ങുന്ന ആക്രമണത്തിന്റെ മുന്നൊരുക്കമാണെന്ന് കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നു. അതേസമയം സംയുക്ത നിയന്ത്രണത്തിലുള്ള പാന്‍മുജോമില്‍ മൈനുകള്‍ സ്ഥാപിച്ച ഉത്തരകൊറിയന്‍ നടപടി നിരീക്ഷിക്കുന്നതിനായാണ് സേര്‍ച്ച് ലൈറ്റ് സ്ഥാപിച്ചതെന്നാണ് അമേരിക്കയുടെ നിലപാട്. വിലക്കുകള്‍ ലംഘിച്ച് നിരന്തംര മിസൈല്‍ പരീക്ഷണം നടത്തുന്ന ഉത്തരകോറിയയുടെ നടപടി നിരീക്ഷിക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.
