പ്യോങ്ങ്യാങ് (ഉത്തര കൊറിയ): രാജ്യാന്തര വിലക്കുകള്‍ മറികടന്ന് മിസൈല്‍ പരീക്ഷണം തുടരുമെന്ന് ഉത്തരകൊറിയ. ആയുധങ്ങള്‍ പരീക്ഷിക്കാന്‍ അമേരിക്ക ഇനിയും തുനിഞ്ഞാല്‍ യുദ്ധമായിരിക്കും ഫലമെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഉത്തര കൊറിയന്‍ വിദേശകാര്യ സഹമന്ത്രി ഹാന്‍ സോംഗ് റിയോള്‍ പറഞ്ഞു. ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനങ്ങളെ പരീക്ഷിക്കരുതെന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഉത്തരകൊറിയന്‍ പ്രതികരണം. കൊറിയന്‍ അതിര്‍ത്തി മേഖലയില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ മുന്നറിയിപ്പ്.

അതേസമയം, പ്രകോപനം തുടര്‍ന്നാല്‍ അത് അപകടകരമായ സ്ഥിതിവിശേമായിരിക്കും സൃഷ്ടിക്കുകയെന്നും ആണവയുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും യുഎന്നിലെ ഉത്തരകൊറിയന്‍ പ്രതിനിധി കിം ഇന്‍ റ്യോംഗ് പറഞ്ഞു. കഴിഞ്ഞ ദിവസം ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സിന്‍പോയ്ക്ക് സമീപം നടത്തിയ പരീക്ഷണം പരാജയമായിരുന്നെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. ഉത്തര കൊറിയയുടെ സ്ഥാപക ഭരണാധികാരിയും ഇപ്പോഴത്തെ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ മുത്തച്ഛനുമായ കിം ഇൽ സുങ്ങിന്റെ 105–ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ‌തലസ്ഥാന നഗരിയിൽ മിസൈലുകൾ ഉൾപ്പെടെയുള്ള വൻ ആയുധശേഖരം വഹിച്ചുള്ള സൈനിക പരേഡ് അരങ്ങേറിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു മിസൈല്‍ പരീക്ഷണം.

അമേരിക്കയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ആണവ പരീക്ഷണം നടത്തുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇപ്പോഴും ഉത്തരകൊറിയ. എന്നാല്‍ പരീക്ഷണം നടത്തിയാല്‍ ഉത്തരകൊറിയയെ ആക്രമിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ഇതോടെ യുദ്ധത്തിനുള്ള സാധ്യതയാണ് തെളിയുന്നതെന്ന് കഴിഞ്ഞദിവസം ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുവകവെയ്ക്കാതെയാണ് മിസൈല്‍ പരീക്ഷണം തുടരുമെന്ന ഉത്തരകൊറിയയുടെ മുന്നറിയിപ്പ്.