പ്യോംഗ്യോംഗ്: പരീക്ഷണത്തിനിടെ ലക്ഷ്യം തെറ്റിയ മിസൈല്‍ ഉത്തര കൊറിയന്‍ നഗരമായ ടോക്ച്ചോനില്‍ പതിച്ചതായി റിപ്പോര്‍ട്ട്. പുക്‌ചാംങ് വ്യോമത്താവളത്തില്‍ നിന്ന് തൊടുത്ത മിസൈല്‍ 24 മൈലുകള്‍ പറന്നുയര്‍ന്ന ശേഷമാണ് നിലംപൊത്തിയത്. അമേരിക്കന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ ഏപ്രില്‍ 28നാണ് ഹവാസംങ്-12 എന്ന് പേരിട്ട മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പ്യോംഗ്യോംഗില്‍ നിന്ന് 90 മൈല്‍ അകലെയുള്ള ടോക്ചേനില്‍ പതിച്ചത്.

അമേരിക്കന്‍ ഇന്‍റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ദ് ഡിപ്ലോമാറ്റ് മാഗസിനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എഞ്ചിന്‍ കേടായതിനെ തുടര്‍ന്ന് പറന്നുയര്‍ന്ന് മിനുറ്റുകള്‍ക്കകം മിസൈല്‍ നിയന്ത്രണം വിട്ട് തകര്‍ന്നുവീഴുകയായിരുന്നു. സ്ഫോടനത്തില്‍ വ്യാവസായിക അവശ്യത്തിനോ ഗ്രീന്‍ ഹൗസായോ ഉപയോഗിക്കുന്ന കോംപ്ലക്സ് തകര്‍ന്നെന്നും അമേരിക്കന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.

ദ്രാവക ഇന്ധനങ്ങള്‍ ഉപയാഗിക്കുന്ന മിസൈലുകള്‍ തകര്‍ന്ന് വീഴുമ്പോള്‍ വന്‍ സ്ഫോടനം നടക്കാറുണ്ട്. എന്തായാലും ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്നു എന്ന വാദത്തിന് ശക്തി പകരുന്നു ഈ സംഭവം. അതേസമയം രാജ്യത്തിനെതിരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരാന്‍ സാധ്യതയുള്ള സംഭവത്തില്‍ ഉത്തര കൊറിയ പ്രതികരിച്ചില്ല. രണ്ട് ലക്ഷത്തോളം ജനസംഖ്യയുള്ള ഉത്തരകൊറിയന്‍ നഗരമാണ് ടോക്ച്ചോന്‍.