ദില്ലി: തെരഞ്ഞെടുപ്പിലെ തോൽവിയെചൊല്ലി കോൺഗ്രസ് ഹൈക്കമാൻഡിലും പൊട്ടിത്തെറി. കോൺഗ്രസിൽ വലിയ ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ജനറൽ സെക്രട്ടറി ദ്വിഗ് വിജയ്സിംഗ് പറഞ്ഞു. കേരളത്തിലെ നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാൻ വലിയ ധൃതിയില്ലെന്ന് ഹൈക്കമാൻ‍ഡ് വൃത്തങ്ങൾ വ്യക്തമാക്കി.

 പുതുച്ചേരി നേടിയെങ്കിലും കൈയ്യിലുണ്ടായിരുന്ന രണ്ട് പ്രധാന സംസ്ഥാനങ്ങൾ നഷ്ടപ്പെടുകയും തമിഴ്നാട്ടിലും ബംഗാളിലും പ്രാദേശിക പാർട്ടികളുടെ അതൃപതി സമ്പാദിക്കുകയും ചെയ്തത് പാർട്ടിക്ക് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. അതൃപ്തി പരസ്യമാക്കി എഐസിസി ജനറൽ സെക്രട്ടറി ദ്വിഗ്‌വിജയ്സിംഗ് തന്നെ രംഗത്തു വന്നു. പാർട്ടിക്ക് വലിയ ശസ്ത്രക്രിയ വേണ്ടി വരും എന്നായിരുന്നു ദ്വിഗ്‌വിജയ്സിംഗ് ട്വിറ്ററിൽ കുറിച്ചത്.

പ്രസ്താവന വിവാദമായതോടെ ദ്വിഗ്‌വിജയ്സിംഗ് വിശദീകരണവുമായി രംഗത്തു വന്നു. ശസ്ത്രക്രിയ നടത്തേണ്ടത് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്നു തന്നെയെന്നാണ് ഉദ്ദേശിച്ചതെന്നും നേതൃമാറ്റമല്ല ആവശ്യപ്പെട്ടതെന്നും ദ്വിഗ്‌വിജയ്സിംഗ് പറഞ്ഞു. നേരത്തെ നല്‍കിയ റിപ്പോർട്ടുകളിൽ എന്തു നടപടിയുണ്ടായെന്നും ദ്വിഗ്‌വിജയ്സിംഗ് ചോദിച്ചു.

10 ജൻപഥ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അഹമ്മദ് പട്ടേൽ ഉൾപ്പടെയുള്ള നേതാക്കളെയാണ് ദ്വിഗ്‌വിജയ്സിംഗ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് സൂചന. അതേസമം, ദ്വിഗ്‌വിജയ്സിംഗ് ഈ പ്രസ്താവന പാർട്ടിക്കുള്ളിൽ പറയണമായിരുന്നെന്ന് പാർട്ടി വക്താവ് പിസി ചാക്കോ പ്രതികരിച്ചു. കേരളത്തിൽ പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ തല്‍ക്കാലം ധൃതിയില്ലെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നല്‍കുന്ന സൂചന. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരോട് സോണിയാ ഗാന്ധി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.