Asianet News MalayalamAsianet News Malayalam

ഒരിക്കല്‍ മാത്രം വീഴ്ച വരുത്തി; മല്യയെ കള്ളനെന്ന് വിളിക്കരുതെന്ന് കേന്ദ്ര മന്ത്രി

ഏതു ബിസിനസ് ആയാലും ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. 40 വര്‍ഷം മുമ്പ് മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ സികോമില്‍ നിന്നെടുത്ത വായ്പ കൃത്യസമയത്ത് തന്നെ മല്യ തിരിച്ചടച്ചിരുന്നു. ഒരാള്‍ക്ക് വീഴ്ചയുണ്ടാകുമ്പോള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ് വേണ്ടത്

not justice to-call-vijay-mallya-thief-for-one-loan-default says nithin gadkari
Author
Mumbai, First Published Dec 14, 2018, 12:18 PM IST

മുംബെെ: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത ശേഷം വിദേശത്തേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയയെ കള്ളനെന്ന് വിളിക്കരുതെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. എടുത്ത വായ്പകള്‍ 40 വര്‍ഷത്തോളം കൃത്യമായി തിരിച്ചടച്ചയാളാണ് വിജയ് മല്യ.

വ്യോമയാന രംഗത്തേക്ക് തന്‍റെ ബിസിനസ് വ്യാപിപ്പിച്ചതോടെ അദ്ദേഹത്തിന് പ്രശ്നങ്ങളുണ്ടായി. അതിന് മുമ്പ് 40 വര്‍ഷത്തോളം വായപ്കകള്‍ തിരിച്ചടച്ചിരുന്ന ഒരാളെ ഒരിക്കല്‍ ചെറിയ പിഴവ് വരുത്തിയതിന് കള്ളനെന്ന് വിളിക്കരുതെന്ന് ഗ‍ഡ്കരി പറഞ്ഞു.  ഇങ്ങനെ ഉടനെ തന്നെ ഒരാളെ കള്ളനെന്ന് വിളിക്കാന്‍ എങ്ങനെ കഴിയും.

ഒരു വീഴ്ചയുടെ പേരില്‍ ഇപ്പോള്‍ എല്ലാം തട്ടിപ്പാണെന്നാണ് പറയുന്നത്. ഇത് ശരിയായ മനസ്ഥിതി അല്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ടെെംസ് ഗ്രൂപ്പ് സംഘടിപ്പിച്ച സാമ്പത്തിക ഉച്ചകോടിയിലാണ് നിതിന്‍ ഗഡ്കരിയുടെ മല്യയെ അനുകൂലിച്ചുള്ള പ്രതികരണം. ഏതു ബിസിനസ് ആയാലും ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും.

40 വര്‍ഷം മുമ്പ് മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ സികോമില്‍ നിന്നെടുത്ത വായ്പ കൃത്യസമയത്ത് തന്നെ മല്യ തിരിച്ചടച്ചിരുന്നു. ഒരാള്‍ക്ക് വീഴ്ചയുണ്ടാകുമ്പോള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ് വേണ്ടത്. വിജയ് മല്യയോ നീരവ് മോദിയോ ആവട്ടെ, തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ ജയിലിലേക്ക് പോകണം.

പക്ഷേ, സാമ്പത്തികമായി ഒരാള്‍ക്ക് വീഴ്ചയുണ്ടാകുമ്പോള്‍ അപ്പോള്‍ തന്നെ തട്ടിപ്പുക്കാരനെന്ന് മുദ്രകുത്തുന്നത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന്  ഉയര്‍ച്ചയുണ്ടാക്കില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസില്‍ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവിട്ടിരുന്നു.

9000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലാണ് കോടതി ഉത്തരവ്. വിജയ് മല്യ വസ്തുതകൾ വളച്ചൊടിച്ചെന്ന് കോടതി വിമര്‍ശിച്ചു. മല്യക്കെതിരെ ചുമത്തിയ കേസുകളിൽ കഴമ്പുണ്ടെന്ന് കോടതി പറഞ്ഞു. ബാങ്കുകളെ കബളിപ്പിച്ചാണ് വായ്പ സംഘടിപ്പിച്ചതെന്നും തിരിച്ചടക്കാൻ ആത്മാർത്ഥമായ ശ്രമം നടത്തിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

വിവിധ ബാങ്കുകളുടെ കണ്‍‍സോര്‍ഷ്യം വഴി വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് വിജയ് മല്യയ്ക്കെതിരെ കേസെടുത്തത്. 9000 കോടി രൂപയാണ് പലിശ അടക്കം വിജയ് മല്യ തിരിച്ചടിക്കേണ്ടത്. കേസെടുത്തതിന് പിന്നാലെ 2016 മാര്‍ച്ചിലാണ് വിജയ് മല്യ ഇംഗ്ലണ്ടിലേക്ക് കടന്നത്. 2017 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്

Follow Us:
Download App:
  • android
  • ios