മധ്യപ്രദേശിലെ വിദിഷയില്‍ നിന്നുള്ള ലോക് സഭാംഗമാണ് അറുപത്തിയാറുകാരിയായ സുഷമ സ്വരാജ്. ഇന്നലെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഇനി ഇല്ലെന്ന് അവര്‍ പ്രഖ്യാപിച്ചത്
ദില്ലി: തെരഞ്ഞെടുപ്പുകളില്‍ ഇനി മത്സരിക്കാനില്ലെന്നാണ് തന്‍റെ നിലപാടെന്നും പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. അടുത്ത തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് സുഷമ സ്വരാജ് വ്യക്തമാക്കിയതോടെ തീരുമാനത്തിലെ വിഷമം അറിയിച്ച് ഒരുപാട് പേരാണ് ട്വിറ്ററിലൂടെ മന്ത്രിക്ക് സന്ദേശങ്ങള്‍ അയച്ചത്.
ഇതോടെ തന്‍റെ തീരുമാനം എന്താണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയായിരുന്നു അവര്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് തീരുമാനം, അല്ലാതെ രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് വിരമിക്കില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു. മധ്യപ്രദേശിലെ വിദിഷയില്‍ നിന്നുള്ള ലോക്സഭാംഗമാണ് അറുപത്തിയാറുകാരിയായ സുഷമ സ്വരാജ്. ഇന്നലെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഇനി ഇല്ലെന്ന് അവര്‍ പ്രഖ്യാപിച്ചത്.
തീരുമാനം വന്നതിന് പിന്നാലെ ഒരുപാട് പേര്‍ ചോദ്യവുമായി എത്തിയതോടെ ആരോഗ്യപരമായ കാരണങ്ങളാലാണ് 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് താന്‍ തീരുമാനമെടുത്തതെന്നും പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുകയല്ലെന്നും അറിയിച്ചത്.
കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും പി. ചിദംബരവും അടക്കമുള്ളവര്‍ സുഷമ സ്വരാജ് പാര്‍ലമെന്‍റില്‍ നിന്ന് മാറുന്നതിന്‍റെ നിരാശ പ്രകടിപ്പിച്ചിരുന്നു. ബിജെപിയിലെ മുതിര്‍ന്ന അംഗമായ സുഷമ സ്വരാജ് അഭിഭാഷക കൂടിയാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിന് ഇടയിലാണ് ഇനി മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് സുഷമ സ്വരാജ് വിശദമാക്കിയത്.
1977 ല്‍ 25 വയസ് പ്രായമുള്ളപ്പോഴാണ് സുഷമ സ്വരാജ് ഹരിയാനയില്‍ മന്ത്രിയാവുന്നത്. മികച്ച ലോക്സഭാംഗവും മന്ത്രിയെന്ന നിലയില്‍ ഏറെ പ്രശംസനീയമായ കാര്യങ്ങള്‍ ചെയ്ത വ്യക്തിയെന്ന നിലയിലും ഇനി മല്‍സരിക്കാനില്ലെന്ന സുഷമ സ്വരാജിന്റെ തീരുമാനത്തോട് പാര്‍ട്ടി സ്വീകരിക്കുന്ന സമീപനമെന്താണെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
