ദില്ലി: പടക്കനിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 17 പേര്‍ മരിച്ച സംഭവത്തില്‍ ഫാക്ടറിയ്ക്ക് അനുകൂലമായ നിലപാടെടുത്ത ബിജെപി നേതാവും നോര്‍ത്ത് ദില്ലി മേയറുമായ പ്രീതി അഗര്‍വാള്‍ വിവാദത്തില്‍.
ഫാക്ടറിയുടെ ലൈസന്‍സിനെ കുറിച്ച് ഒന്നും പറയരുതെന്ന് ഒപ്പമുള്ളവരെ മേയര്‍ താക്കീത് ചെയ്യുന്ന വീഡിയോയാണ് വിനയായത്. ഇക്കാര്യം സ്വകാര്യമായി ഒപ്പമുള്ളവരോട് മേയര്‍ പറയുന്നത് വീഡിയോയില്‍ കാണാം. ഫാക്ടറിയുടെ ലൈസന്‍സ് നോര്‍ത്ത് ഡെല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പനുമായി ബന്ധപ്പെട്ടാണ് ഉള്ളത്. അതിനാല്‍ ഫാക്ടറിയ്‌ക്കെതിരെ പറയരുതെന്നാണ് പ്രീതി നിര്‍ദ്ദേശിക്കുന്നത്.
വീഡിയോ വൈറലായതോടെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. ഫാക്ടറിയ്ക്ക് എങ്ങനെയാണ് ലൈസന്‍സ് കിട്ടിയതെന്നതും അന്വേഷിക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ വാര്‍ത്തയും വീഡിയോയും പ്രീതി അഗര്‍വാള്‍ നിഷേധിച്ചു. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ആംആദ്മി പാര്‍ട്ടിയാണെന്നും പ്രീതി ആരോപിച്ചു.
