നോട്ട് പ്രതിസന്ധി  കാരണം പാലക്കാട്ട് നെല്‍കൃഷി മുടങ്ങി. പണം വായ്പയെടുത്തു പോലും കൃഷി ചെയ്യാനാകാതെ  വന്നതോടെ കര്‍ഷക തൊഴിലാളികളും പട്ടിണിയിലായി.

സ്വന്തം പണം കയ്യില്‍ കിട്ടാന്‍ ലോണെടുത്ത് അതിന് പലിശയും അടയക്കേണ്ട അവസ്ഥ- പാലക്കാട് പട്ടഞ്ചേരിയിലെ കാര്‍ഷിക സഹകരണ ബാങ്കില്‍ നെല്ലളന്ന പിആര്‍എസുമായി എത്തിയ ഒരു കര്‍ഷകന്‍റെ അനുഭവമാണ് ഇത്.  കര്‍ഷിക സംഘങ്ങളുടെയും പാടശേഖര സംഘങ്ങളുടെയും അവസ്ഥ വ്യത്യസ്തമല്ല. വിത്തിനും വളത്തിനും പോലും പണം നല്‍കി കര്‍ഷകനെ സഹായിക്കാന്‍ ആര്‍ക്കും ആകുന്നില്ല.
കൃഷിയിറക്കാനാവാതെ വന്നതോടെ കര്‍ഷകര്‍ മാത്രമല്ല കര്‍ഷകത്തൊഴിലാളികളും ബുദ്ധിമുട്ടിലായി.

തിരുവാതിര ഞാറ്റുവേലയാണ്. രണ്ടാം വിളയ്‌ക്ക് ഞാറ്റടി തീര്‍ക്കേണ്ട സമയമെത്തി. പക്ഷേ വിത്തു പോലും വിതച്ചിട്ടില്ല പാടങ്ങളില്‍. നോട്ടുപ്രതിസന്ധി അവസാനിച്ചാലും വിതയ്‌ക്കാത്ത വിത്തും കൃഷിയിറക്കാനാവാതെ പോയ രണ്ടാംവിളയും വലിയ ക്ഷാമ കാലമാണ് പാലക്കാട്ടെ കര്‍ഷകര്‍ക്ക് വരുത്തിവയ്‌ക്കുക.